
ജറുസലേം: ഇസ്രയേലിലെ സിബ്ദിൻ, റുവൈസത്ത് അൽ-അലം എന്നിവിടങ്ങളിലെ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഏറ്റെടുത്തു. തെക്കൻ ലെബ്നാനിലെ ഇസ്രായേൽ അധിനിവേശ ഷെബാ ഫാമുകൾക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഹിസ്ബുളള ഏറ്റെടുത്തു. ഫലസ്തീൻ ജനങ്ങൾക്കുളള ഐക്യദാർഢ്യത്തിന്റ ഭാഗമായാണ് ആക്രമണമെന്നും ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹിസ്ബുളള പറഞ്ഞു.
ഷെബാ ഫാമിലെ റഡാർ സൈറ്റ് ഉൾപ്പെടെ മൂന്ന് പോസ്റ്റുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സംഘം രേഖാമൂലമുള്ള പ്രസ്താവനയിൽ പറഞ്ഞു. 1967 മുതൽ തങ്ങളുടേതെന്ന് അവകാശപ്പെട്ട് ഇസ്രയേൽ അധിനിവേശം നടത്തിയ ലെബനാനിലെ സ്ഥലമാണ് ഷെബാ ഫാം. തെക്കൻ ലെബനാനിലെ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഹമാസിനെതിരെ തിരിച്ചടി തുടങ്ങിയത്.
ഹമാസിനെ നിർദയം അടിച്ചമർത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. ഹമാസിനോട് ഒരു ദയയും ഉണ്ടാകില്ല. ഗാസയിലെ ജനങ്ങൾ ഒഴിഞ്ഞുപോകണം. ഈ യുദ്ധത്തിൽ ഇസ്രയേൽ വിജയിക്കും. ഇസ്രയേലിനും പൗരന്മാര്‍ക്കും അവര്‍ നല്‍കിയ കറുത്ത ദിനങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ടെലിവിഷന്‍ അഭിസംബോധനയില്‍ നെതന്യാഹു പറഞ്ഞിരുന്നു.














