കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിയോഗിച്ച അമിക്കസ് ക്യുറിയെ ഹൈക്കോടതി ഒഴിവാക്കും. അഡ്വ.രഞ്ജിത്ത് മാരാരെ ഒഴിവാക്കാനാണ് തീരുമാനം. രഞ്ജിത്ത് മാരാർ ദിലീപുമായി അടുത്ത ബന്ധമുള്ളയാളെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. തുടർന്നാണ് രഞ്ജിത് മാരാരെ ഒഴിവാക്കാൻ കോടതി തീരുമാനിച്ചത്. തനിക്കെതിരെ ആരോപണം ഉയരുന്നതിനാൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് മാരാരും കോടതിക്ക് കത്ത് നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട്, ഇലക്ട്രോണിക് രേഖകളുടെ പരിശോധനയുടെ കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ കോടതിയെ സഹായിക്കുന്നതിനാണ് അഡ്വ. രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചത്. സർക്കാർ ഉൾപ്പെടെയുള്ള കക്ഷികളുടെ അഭിപ്രായം തേടിയ ശേഷമായിരുന്നു നിയമനം.
മെമ്മറി കാർഡ് അനധികൃതമായി തുറന്നെന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിയായ അതിജീവിത നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി രഞ്ജിത് മാരാരെ അമിക്കസ് ക്യൂറിയായി നിയമിച്ചത്.