ഷിംല: ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും ശക്തമായ മഴ തുടരുന്നു. ഹിമാചലിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 71 ആയി. മണ്ണിടിച്ചിലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. 13 ൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഹിമാചൽ പ്രദേശിൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 6 വീടുകൾ തകർന്ന് ഒരാൾ മരിച്ചു. നാല് ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 11 ആയി. അതേ സമയം ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തുടരുകയാണ്. വരുന്ന നാല് ദിവസം കൂടി ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
പർവതസമാനമായ വെല്ലുവിളിയാണ് മുന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ഷിംലയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ഷിംലയിലെ കൃഷ്ണ നഗറിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. മഴക്കെടുതിയെ തുടർന്ന്, ഷിംലയിലെ എല്ലാ സ്‌കൂളുകളും അടച്ചിരിക്കുകയാണ്.
ഹിമാചൽ പ്രദേശിലെ മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് വരെ സീസണിലെ ശരാശരിയേക്കാൾ കൂടുതൽ മഴ ഹിമാചലിൽ ഇതിനകം ലഭിച്ചു. സീസണിലെ ശരാശരി 730 മില്ലിമീറ്ററാണ്. 742 മില്ലിമീറ്റർ മഴ ലഭിച്ചു. ഈ വർഷം ജൂലൈയിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ മഴ കഴിഞ്ഞ 50 വർഷത്തിനിടയിലെ എല്ലാ റെക്കോർഡുകളും തകർത്തു. ഇത് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തത്തിലേക്ക് നയിച്ചു.
കെട്ടിടങ്ങളുടെ തെറ്റായ രൂപകൽപ്പനയും മലനിരകളിലെ ശാസ്ത്രീയ നിർമാണ രീതികളെക്കുറിച്ച് അറിവില്ലാത്ത പുറത്തുനിന്ന് വരുന്ന ആർക്കിടെക്റ്റുകൾ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളുമാണ് മണ്ണിടിച്ചിലിന് കാരണമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു. പഴയ ബഹുനില സർക്കാർ കെട്ടിടങ്ങൾ അപകടഭീഷണിയില്ലാതെ നിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്. ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ ഇതുവരെ 10 പേർ മരിച്ചു. തിങ്കളാഴ്ച രുദ്രപ്രയാഗിലെ മദ്മഹേശ്വര് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിംഗ് റൂട്ടിൽ കുടുങ്ങിയ 293 തീർത്ഥാടകരെ രക്ഷപ്പെടുത്തി. പഞ്ചാബിലെ ഹോഷിയാർപൂർ, ഗുരുദാസ്പൂർ, രൂപ്നഗർ എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.