ഷിംല: ഹിമാചൽ പ്രദേശിനെ ദുരിതത്തിലാക്കിയ മഴക്കെടുതിയിൽ മരണം 51 ആയി. 14 പേർ ഷിംലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആണ് മരിച്ചത്. സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. പ്രളയത്തിലും മഴവെള്ളപ്പാച്ചിലിലുമായി 20 പേരെ കാണാതായിട്ടുണ്ടെന്നും ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു അറിയിച്ചു.
തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹിമാചലില്‍ 752 റോഡുകള്‍ അടച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് ഹിമാചലില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂര്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. പേമാരിയിൽ ബിയാസ് നദി കരകവിഞ്ഞതാണു ഹിമാചലിൽ പ്രളയസമാന സാഹചര്യം സൃഷ്ടിച്ചത്. മഴയും മണ്ണിടിച്ചിലും കണക്കിലെടുത്തു സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ്, ഹരിയാന, ഛണ്ഡിഗഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍, സിക്കിം സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട ശക്തിയേറിയ മഴ പെയ്യുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തകർന്നുപോയ ഷിംല–കൽക്ക ഹൈവേ നന്നാക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കൽക്ക– ഷിംല റെയിൽപാളം മഴയിൽ ഒലിച്ചുപോയിരുന്നു. ദുരന്തത്തെത്തുടർന്ന് സംസ്ഥാനത്തെ 752 റോഡുകൾ അടച്ചിട്ടു. നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ ജില്ലാ കലക്ടർമാരിൽനിന്നും മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു റിപ്പോർട്ട് തേടി. ജനം വീടുകളിൽതന്നെ തുടരണമെന്നു നിർദേശിച്ച സുഖു, സ്വാതന്ത്ര്യദിന പരിപാടികൾ മിതപ്പെടുത്തിയെന്നും അറിയിച്ചു.