കുർബാന തർക്കം: കേരളത്തിലെത്തിയ മാർപാപ്പയുടെ പ്രതിനിധിക്ക് നേരെ പ്രതിഷേധവും കുപ്പിയേറും; 100 പേർക്കെതിരെ കേസ്

കൊച്ചി: കുർബാന തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായിരിക്കെ കേരളത്തിലെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ പ്രാർഥനക്കെത്തി. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അദ്ദേഹം ബസിലിക്ക പരിസരത്തെത്തിയത്. സ്ഥലത്തെത്തിയ പ്രതിഷേധക്കാർ ആർച്ച് ബിഷപ്പിനെ തടയുകയും അദ്ദേഹത്തിന് നേരെ കുപ്പിയെറിയുകയും ചെയ്തു. പൊലീസ് പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കിയാണ് ആർച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയിൽ പ്രവേശിപ്പിച്ചത്. ഇതോടെ പൊലീസിനെതിരെയും മുദ്രാവാക്യമുയർന്നു.

എകീകൃത കുർബാനയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് വത്തിക്കാനിൽനിന്ന് ആർച്ച് ബിഷപ്പ് സിറിൽ വസിൽ എത്തിയത്. തർക്കങ്ങൾ സംഘർഷാവസ്ഥയിലെത്തിയതോടെ ജനുവരി മുതൽ സെന്റ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയാണ്.

സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 100 പേർക്കെതിരെ സെൻട്രൽ പൊലീസ് കേസെടുത്തു. അന്യായമായ സംഘം ചേരൽ, പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പള്ളിക്ക് നാശനഷ്ടം വരുത്തൽ തുടങ്ങി വിവിധ വകുപ്പുകളിലാണ് കേസ്.