ബന്ധുവീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി; അന്ന് കുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു ഇന്ന് പോലീസ് കസ്റ്റഡിയില്‍

പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം പിടിച്ച ബാബു അറസ്റ്റില്‍. കാനിക്കുളത്തെ ബന്ധുവീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വീട്ടിലേക്ക് അതിക്രമിച്ചു കയറി ജനല്‍ച്ചിലുകള്‍ അടിച്ചു തകര്‍ത്തും ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടുമായിരുന്നു ബാബുവിന്റെ അതിക്രമം. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനു നേരെയും ബാബു പരാക്രമം കാണിച്ചു.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. പോളിടെക്നിക്ക് കോളേജിന് സമീപമുള്ള ബന്ധുവീട്ടിലെത്തി ബഹളമുണ്ടാക്കിയ ബാബു വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തേക്ക് കയറിയത്. വീടിനകത്ത് കയറി സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ഗൃഹോപകരണങ്ങള്‍ തകരാറിലാക്കുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ഗ്യാസ് തുറന്നു വിടുകയും ചെയ്തു. വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പാലക്കാട് കസബ പൊലീസാണ് ബാബുവിനെ പിടികൂടിയത്. പ്രകോപനത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

മലമ്പുഴ കൂര്‍മ്പാച്ചിമലയില്‍ കുടുങ്ങിയതിലൂടെയാണ് ബാബു നേരത്തേ വാര്‍ത്തയില്‍ ഇടംപിടിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് ഇന്ത്യന്‍ ആര്‍മി ഇയാളെ രക്ഷപ്പെടുത്തിയത്. രണ്ട് സുഹൃത്തുക്കളോടൊപ്പം മലകയറുന്നതിനിടെ കൊടുമുടിയില്‍ നിന്ന് 200 അടിയെങ്കിലും താഴ്ന്നതായി കണക്കാക്കപ്പെടുന്ന ആഴത്തിലുള്ള മലയിടുക്കിലേക്കാണ് ബാബു വഴുതി വീണത്. 45 മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് സൈന്യം അന്ന് ബാബുവിനെ പുറത്തെത്തിച്ചത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്.

More Stories from this section

family-dental
witywide