
ന്യൂഡല്‍ഹി : ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ‘വണ്‍-വേ ആക്രമണ ഡ്രോണ്‍’ തങ്ങളെ ഇടിച്ചതായി ഇന്ത്യന്‍ എണ്ണക്കപ്പല്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഎസ് സൈന്യം ഞായറാഴ്ച അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 8 മണിക്ക് (യെമന്‍ സമയം) യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന് (സെന്റ്കോം) ലഭിച്ച ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഗാബോണിന്റെ ഉടമസ്ഥതയിലുള്ള എംവി സായിബാബ എന്ന ടാങ്കറിന് കേടുപാടുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡ്രോണ്‍ ആക്രമണത്തില്‍ നിന്നുള്ള ദുരന്ത കോളിനോട് യുഎസ് യുദ്ധക്കപ്പലായ ലാബൂണ്‍ പ്രതികരിച്ചതായി സെന്റ്‌കോം പറഞ്ഞു.
ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ആക്രമണ ഡ്രോണ്‍ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ടാങ്കറില്‍ ഇടിച്ചതായി യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ ഇന്ത്യന്‍ തീരത്ത് മറ്റൊരു ടാങ്കര്‍ ആക്രമണത്തിന് ഇരയായി മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഇറാനെ അമേരിക്ക കുറ്റപ്പെടുത്തി.
ചെങ്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമടക്കം ഹൂത്തി വിമതരുടെ ഭീഷണിയിലാണ് കപ്പലുകള്‍. ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധം തുടങ്ങിയതുമുതല്‍ സനാ അടക്കം യമനിലെ ഏറെ പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഹൂതികള്‍ ചെങ്കടല്‍ വഴിയുള്ള നിരവധി ചരക്കുകപ്പലുകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. ഇസ്രായേല്‍ ഉടമസ്ഥതയിലുള്ള ഒരു കപ്പല്‍ റാഞ്ചുകയും ചെയ്തു.
യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന വാണിജ്യ പാതയില്‍ അപായസാധ്യത വര്‍ധിച്ചതോടെ ഇറ്റാലിയന്‍ – സ്വിസ് കമ്പനി എം.എസ്.സി, ഫ്രഞ്ച് കമ്പനി സി.എം.എ സി.ജി.എം, ഡെന്‍മാര്‍ക്കിലെ എ.പി മോളര്‍ – മീര്‍സെക് തുടങ്ങിയവ ഇതുവഴി ചരക്കു കടത്ത് നിര്‍ത്തിവെച്ചിട്ടുണ്ട്. ചെങ്കടല്‍ സുരക്ഷിതമാക്കാന്‍ 20ലേറെ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ബഹുരാഷ്ട്ര സേനയെ കഴിഞ്ഞ ദിവസം യു.എസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളെയും ലക്ഷ്യമിടുമെന്ന് ഹൂതികള്‍ പറയുന്നു.