“നിങ്ങൾ എങ്ങനെ രാജ്യം നയിക്കും?”; മോദിക്കെതിരെ മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ അക്രമത്തിൽ “തൃണമൂൽ കോൺഗ്രസ് രക്തംകൊണ്ട് കളിച്ചെന്ന” പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ ഓരോ ഘട്ടത്തിലും അപകീർത്തിപ്പെടുത്തുകയാണെന്നും വിഭജന രാഷ്ട്രീയത്തിന് ബംഗാളിലെ ജനങ്ങൾ ഒരിക്കലും കീഴടങ്ങിയിട്ടില്ലെന്നും മമത ബാനർജി പറഞ്ഞു.

പശ്ചിമ ബംഗാളിലെ ബിജെപിയുടെ ക്ഷേത്രീയ പഞ്ചായത്തി രാജ് പരിഷത്തിനെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു മോദിയുടെ പരാമർശം.

“പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ, തൃണമൂൽ കോൺഗ്രസ് എങ്ങിനെയാണ് ചോരകൊണ്ട് കളിച്ചതെന്ന് രാജ്യം കണ്ടതാണ്. എല്ലാ അതിക്രമങ്ങളും ഉണ്ടായിരുന്നിട്ടും, ബംഗാളിലെ ജനങ്ങൾ ബിജെപിയെ അനുഗ്രഹിക്കുന്നത് തുടരുകയാണ്. ഞങ്ങളുടെ സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്തു. വിജയിച്ചപ്പോൾ, ബിജെപിക്ക് ഘോഷയാത്രകൾ അനുവദിച്ചില്ല, അവർക്ക് നേരെ ജീവൻ അപകടപ്പെടുത്തുന്ന ആക്രമണങ്ങൾ ഉണ്ടായിരുന്നു,” മോദി പറഞ്ഞു.

സംസ്ഥാനത്തെ ബിജെപി നേതാക്കളെ സന്തോഷിപ്പിക്കാൻ വേണ്ടി മോദി ബംഗാളിനെ അപമാനിച്ചു, ഇല്ലായ്മ ചെയ്തു, അടിച്ചമർത്തുകയും വേദനിപ്പിക്കുകയും ചെയ്തുവെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ പറഞ്ഞു.

“മനുഷ്യത്വ പരമായ സന്ദേശം ജനങ്ങൾക്ക് നൽകുന്നതിന് പകരം, പശ്ചിമ ബംഗാളിനെ അപകീർത്തിപ്പെടുത്താനാണ് മോദി ശ്രമിച്ചത്. തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള പാവപ്പെട്ടവരുടെ വേതനം തടഞ്ഞു. ഈ പദ്ധതിക്കായി തുടർച്ചയായി അഞ്ച് തവണ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയിൽ ഇന്ത്യാ ഗവൺമെന്റ് അംഗീകാരം നൽകിയിരുന്നു,” എന്നും മമത ബാനർജി പറഞ്ഞു.

“കഴിഞ്ഞ 100 ദിവസമായി മണിപ്പൂർ കത്തുകയാണ്. മണിപ്പൂർ പോലുള്ള ഒരു ചെറിയ സംസ്ഥാനത്ത് ക്രമസമാധാനം നിയന്ത്രിക്കാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ, അദ്ദേഹത്തിന് എങ്ങനെ രാജ്യം മുഴുവൻ നയിക്കാനാകും. ബംഗാളിനെ അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്താൽ അദ്ദേഹത്തിന് എങ്ങനെ രാജ്യം നയിക്കാനാകും. ബംഗാളിലെ ജനങ്ങൾ ഭിന്നിപ്പിന്റെയും കലാപത്തിന്റെയും രാഷ്ട്രീയത്തിന് ഒരിക്കലും കീഴടങ്ങിയിട്ടില്ലെന്നും അവസാന വാക്ക് ജനങ്ങളുേടതായിരിക്കുമെന്നും ഓർക്കണം,” മമത ബാനർജി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide