
ഗാസ: ഗാസയില്‍ അടിവസ്ത്രം അഴിച്ചുമാറ്റിയ പലസ്തീനികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം ‘നിരപരാധികളായ സാധാരണക്കാര്‍ക്കെതിരെ ഹീനമായ കുറ്റകൃത്യം’ നടത്തിയെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ ആരോപിച്ചു.
പുരുഷന്മാര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് അറിയിക്കാനും അവരുടെ മോചനത്തിന് സഹായിക്കാനും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇടപെടണമെന്ന് വിദേശത്ത് പ്രവാസിയായ ഇസത്ത് എല്‍-റെഷിഖ് അഭ്യര്‍ത്ഥിച്ചു.
ചിത്രങ്ങളില്‍ ആശങ്കയുണ്ടെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കനുസൃതമായി എല്ലാ തടവുകാരോടും മാനവികതയോടും മാന്യതയോടും കൂടി പെരുമാറണമെന്നും ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) പറഞ്ഞു.
ഇവര്‍ ജബാലിയയിലും ഷെജയ്യയിലും (ഗാസ നഗരത്തില്‍), ഹമാസിന്റെ ശക്തികേന്ദ്രങ്ങളിലില്‍ നിന്നും അറസ്റ്റിലായവരാണെന്നാണ് ഇസ്രായേലി സര്‍ക്കാര്‍ വക്താവ് എയ്ലോണ്‍ ലെവി ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
ഗാസ ഒഴിപ്പിക്കലിനെ തുടര്‍ന്ന് അവിടുത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ പറഞ്ഞിരുന്നുവെന്നും നിരവധി ഗാസക്കാരെ കുടിയൊഴിപ്പിച്ച ഇസ്രായേലി ബോംബാക്രമണങ്ങള്‍ക്ക് ശേഷം ഗാസയിലെ ഒരു സ്‌കൂളില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നും വിവരമുണ്ട്.
ഇസ്രായേല്‍ ടിവി വ്യാഴാഴ്ച കാണിച്ച ചിത്രങ്ങളില്‍ ഹമാസ് പോരാളികളെ പിടികൂടിയെന്നും അവരുടെ വസ്ത്രം അഴിച്ചുമാറ്റി, തല കുനിച്ച് ഗാസ സിറ്റി തെരുവില്‍ ഇരുത്തിയതായാണ് വിവരമെങ്കിലും ഇവര്‍ യഥാര്‍ത്ഥത്തില്‍ ഹമാസ് പോരാളികളാണോ എന്നതില്‍ ഇനിയും വ്യക്തതവരാനുണ്ട്. കാരണം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍നിന്ന് പലരുടേയും ബന്ധുക്കള്‍ ഇവരെ തിരിച്ചറിഞ്ഞതായും ഹമാസുമായോ മറ്റേതെങ്കിലും ഗ്രൂപ്പുമായോ അവര്‍ക്ക് ബന്ധമില്ലെന്നും ചില ഫലസ്തീനികള്‍ പറഞ്ഞു.










