
ഗാസ: വെള്ളവും ഭക്ഷണവും മരുന്നുമടക്കം അടിസ്ഥാന സൌകര്യങ്ങളില്ലാതെ ദിവസങ്ങളായി നരകിക്കുന്ന ഗാസയിലെ ജനങ്ങൾക്കുള്ള സഹായം ഇനിയും വൈകും. ഈജിപ്തുമായുള്ള റഫാ അതിർത്തി തുറന്നെങ്കിലും ട്രക്കുകൾ ഗാസയിലേക്ക് എത്താൻ ഇനിയും കുറഞ്ഞത് ഒരു ദിവസം കൂടി എടുക്കും. മിസൈൽ ആക്രമണത്തിൽ റോഡുകൾ തകർന്നു കാരണം ഗതാഗതം ദുഷ്കരമായി. ഇതു പൂർണമായി ഗതാഗതയോഗ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഗാസ- ഈജിപ്ത് അതിർത്തി മേഖലയായ റഫായിലൂടെ വെള്ളിയാഴ്ച സഹായമെത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പലവിധ തടസങ്ങള്‍ ഉള്ളതിനാല്‍ ഗാസയിലേക്ക് സഹായമെത്തിക്കാൻ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.
ആഗോള തലത്തിലുള്ള സമ്മർദ്ദത്തെ തുടർന്നാണ് റഫാ അതിർത്തി തുറക്കാൻ ഇസ്രയേൽ അനുവദിച്ചതു തന്നെ. ആവശ്യവസ്തുക്കൾ നിറച്ച നൂറുകണക്കിന് ട്രക്കുകളാണ് അതിർത്തിക്ക് അരികെ ഈജിപ്തിൽ ദിവസങ്ങളായി കാത്തുകിടക്കുന്നത്. വെള്ളിയാഴ്ച 20 ട്രക്കുകൾ ഗാസയിലേക്ക് കടത്തിവിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ചർച്ചയ്ക്കു ശേഷം അറിയിച്ചിരുന്നു.
“ഗാസയിലേക്ക് എത്രയും വേഗം സഹായമെത്തുമെന്ന് ഉറപ്പാക്കാൻ എല്ലാ ചർച്ചകൾ നടത്തിവരികയാണ്. സഹായവുമായുള്ള ആദ്യ വാഹനം നാളെയോ മറ്റോ എത്തിയേക്കും” യുഎൻ വക്താവ് ജിൻസ് ലെർക്ക് പറഞ്ഞു. സഹായപ്രവർത്തനങ്ങൾ എപ്പോൾ ആരംഭിക്കുമെന്നതിനെ കുറിച്ച് കൃത്യമായ സമയം പറയാനാകില്ല. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ഗാസയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം മുനമ്പിലെ ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കിയിരുന്നു.
Humanitarian aid won’t reach Gaza today.















