ആഞ്ഞുവീശി ‘ലീ ചുഴലിക്കാറ്റ്’; ഗുരുതര സാഹചര്യമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ലീ ചുഴലിക്കാറ്റിന്റെ തീവ്രത അപകടകരമായ നിലയില്‍ ശക്തിപ്പെടുന്നു. വ്യാഴാഴ്ച കാറ്റഗറി 1 കൊടുങ്കാറ്റായിരുന്ന ലീ, അറ്റ്ലാന്റിക് സമുദ്രത്തില്‍വെച്ച് ശക്തിപ്രാപിച്ച് കാറ്റഗറി 5 കൊടുങ്കാറ്റായി മാറി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കാറ്റിന്റെ വേഗത ഇരട്ടിയായി. ഈ ആഴ്ചയുടെ അവസാനത്തോടെ കാറ്റ് അതിന്റെ ഏറ്റവും ഉയർന്ന തീവ്രതയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അറ്റ്ലാന്റിക്കിന് മുകളിലെ ‘ബർമുഡ ഹൈ’ എന്നറിയപ്പെടുന്ന ഉയർന്ന മർദ്ദ പ്രദേശം ചുഴലിക്കാറ്റിന്റെ വേഗതയെ സ്വാധീനിച്ചേക്കും. ലീവാർഡ് ദ്വീപുകൾ, വിർജിൻ ദ്വീപുകൾ, പോർട്ടോ റിക്കോ എന്നിവയുടെ വടക്ക് ഭാഗത്തേക്കാണ് നിലവില്‍ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.

അതേസമയം, വടക്കു-പടിഞ്ഞാറൻ ദിശയിലെ സഞ്ചാരപദത്തില്‍ ചുഴലിക്കാറ്റ് തുടരുന്നാല്‍ കാറ്റിന്റെ വേഗത കുറയാനും സാധ്യതയുണ്ട്. ലീവാർഡ് ദ്വീപുകളിൽ നിന്ന് 700 മൈൽ കിഴക്കായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതെന്ന് കാലാവസ്ഥാകേന്ദ്രം വെള്ളിയാഴ്ച പകല്‍ 11 മണിക്ക് അറിയിച്ചു.

കരീബിയന്‍ തീരത്തിന്റെ കിഴക്ക് അറ്റ്ലാന്റിക്കിന് മുകളിലൂടെ പരമാവധി 160 മൈൽ വേഗതയിലാണ് ഇപ്പോള്‍ കാറ്റ് വീശുന്നത്. അടുത്ത ആഴ്ച വടക്കൻ തീരങ്ങളിലേക്ക് കാറ്റ് വ്യാപിക്കുമ്പോള്‍, അപകടകരമായ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കാറ്റിന്റെ ശക്തി എത്രത്തോളം പൊതുജീവിതത്തെ ബാധിക്കുമെന്നറിയാന്‍ ഞായറാഴ്ച വരെ സമയമെടുത്തേക്കും.

വ്യാഴാഴ്ച, കിഴക്കൻ അറ്റ്ലാന്റിക്കിലെ ഉഷ്ണമേഖല പ്രദേശമായ കാബോ വെർഡെ ദ്വീപുകളിൽ നിന്ന് നൂറ് മൈൽ പടിഞ്ഞാറ് രൂപപ്പെട്ട മാർഗോട്ട് ചുഴലിക്കാറ്റും ശക്തിപ്രാപിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ 40 മൈൽ വേഗതയിലാണ് കാറ്റ് വീശുന്നത്. അടുത്ത ആഴ്‌ചയുടെ ആരംഭത്തില്‍ അറ്റ്‌ലാന്റിക്കിന് മുകളിലൂടെ നീങ്ങുന്ന കാറ്റ് വടക്കോട്ട് തിരിഞ്ഞ് ദുർബലമാകുമെന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍ തന്നെ നിലവില്‍ മേഖലയില്‍ അപകട മുന്നറിയിപ്പില്ല.

More Stories from this section

family-dental
witywide