ഏഴു നവജാത ശിശുക്കളെ കൊലപ്പെടുത്തി; ബ്രിട്ടിഷ് നഴ്സ് കുറ്റക്കാരിയെന്ന് കോടതി

ലണ്ടൻ: ഏഴു നവജാത ശിശുക്കളെ തീവ്രപരിചരണ വിഭാഗത്തിൽ കൊലപ്പെടുത്തിയ നഴ്സ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ലൂസി ലെറ്റ്ബി എന്ന 33കാരിയാണ് അഞ്ചു ആൺകുഞ്ഞുങ്ങളെയും രണ്ടു പെൺകുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത്. ‘ഞാൻ പിശാചാണ്, എനിയ്ക്കു കുട്ടികളെ നോക്കാൻ പറ്റില്ല’എന്ന നഴ്സിന്റെ എഴുത്താണ് കേസിൽ നിർണായകമായത്.

കൂടുതല്‍ പാൽ നൽകിയോ ഇൻസുലിൻ കുത്തിവച്ചോ ആണ് ലൂസി നവജാത ശിശുക്കളെ കൊന്നത്. 22 ദിവസത്തെ വിചാരണയ്ക്കൊടുവിലാണ് മാഞ്ചസ്റ്റർ കോടതി യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്. വടക്കു പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ചെസ്റ്റർ ആശുപത്രിയില്‍ ജൂൺ 2015നും ജൂൺ 2016നും ഇടയ്ക്കാണ് കൊലപാതകങ്ങൾ നടന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ലൂസിക്കെതിരെ പരാതികൾ എത്തിയത്.

രോഗബാധിതരായതും പ്രായമെത്താതെ ജനിച്ചതുമായ കുഞ്ഞുങ്ങളെയാണ് പ്രധാനമായും തീവ്രപരിചരണവിഭാഗത്തിൽ സംരക്ഷിക്കുന്നത്. മരണകാരണമായ രോഗങ്ങളൊന്നുമില്ലാത്ത കുഞ്ഞുങ്ങൾ മരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംരക്ഷണച്ചുമതല ഉണ്ടായിരുന്ന ലൂസിയെ ഡോക്ടർമാർ നിരീക്ഷിച്ചു തുടങ്ങിയത്. മുറിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ താൻ പ്രാപ്തയല്ലെന്നും പിശാചാണെന്നുമുള്ള കുറിപ്പുകൾ കണ്ടെത്തിയത്. കൊലപ്പെടുത്തിയ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളുൾപ്പെടെ ലൂസി നിരീക്ഷിച്ചിരുന്നതായും പൊലീസിനോട് വെളിപ്പെടുത്തി.

പത്തുമാസത്തെ വിചാരണയ്ക്കു ശേഷമാണിപ്പോൾ മാഞ്ചസ്റ്റർ ക്രൗൺ കോടതി ലൂസിയെ കുറ്റക്കാരിയെന്നു കണ്ടെത്തിയത്. മറ്റന്നാളാണ് ശിക്ഷ വിധിക്കുക. ജീവിതാവസാനം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യന്‍ സ്വദേശിയായ ഡോക്ടര്‍ രവി ജയറാം എന്ന ശിശുരോഗവിദഗ്ധന്റെ ഇടപെടലാണ് ലൂസി ലെറ്റ്ബിയിലേക്ക് സംശയം നീളാനിടയാക്കിയതെന്ന് പൊലീസ് വെളിപ്പെടുത്തി.