
ലോകകപ്പ് ക്രിക്കറ്റില്‍ കുതിപ്പു തുടര്‍ന്ന് ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഈ ലോകകപ്പിലെ എട്ടാം ജയം സ്വന്തമാക്കി. 101 റണ്‍സ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ശ്രേയസ് അയ്യരും (77) ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി എയ്ഡന്‍ മാര്‍ക്രം ഒഴികെ ബാക്കിയെല്ലാ ബൗളര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തീപാറും തുടക്കമാണ് രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച രോഹിത് ആയിരുന്നു ഏറെ അപകടകാരി. അനായാസം ബൗണ്ടറികള്‍ കണ്ടെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം നല്‍കിയതിനു ശേഷം മടങ്ങി. വെറും 24 പന്തില്‍ 40 റണ്‍സിലേക്ക് കുതിച്ചെത്തിയ രോഹിതിനെ കഗീസോ റബാഡ പുറത്താക്കുകയായിരുന്നു. ശുഭ്മന്‍ ഗില്ലുമൊത്ത് ഒന്നാം വിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടിലും രോഹിത് പങ്കാളിയായി.
രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് കരുത്തിലാണ് ഇന്ത്യയ്ക്ക് അനായാസ ജയം സ്വന്തമാക്കാന്‍ സാധിച്ചത്. ആദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തില്‍ ജഡേജ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുന്നത്. ദക്ഷിണാഫ്രിക്കയെ വെറും 83 റണ്‍സിന് കൂടാരം കയറ്റുകയായിരുന്നു ഇന്ത്യന്‍ ബോളര്‍മാര്‍.