14 മണിക്കൂറിനിടെ 800 ഭൂചലനങ്ങള്‍, അഗ്‌നിപര്‍വത സ്‌ഫോടനം നടന്നേക്കുമെന്ന് മുന്നറിയിപ്പ്; ഐസ്ലാന്‍ഡില്‍ അടിയന്തരാവസ്ഥ

റെയിക് ജാവിക്: 14 മണിക്കൂറിനിടെ തുടര്‍ച്ചയായി 800 ഭൂചലനങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഐസ്ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 5.0 തീവ്രതയില്‍ കൂടുതലുള്ള രണ്ടെണ്ണവും 4.5 തീവ്രതയില്‍ ഏഴ് ഉയര്‍ന്നതും ഉള്‍പ്പെടെ എണ്ണൂറോളം ഭൂകമ്പങ്ങളാണ് രാജ്യത്ത് വെള്ളിയാഴ്ച റിപ്പോട്ട് ചെയ്തത്. ഇതുവരെ ആള്‍നാശമോ മറ്റ് കാര്യമായ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ റെയ്ക്ജാനസ് ഉപദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തിനുള്ള സാധ്യതയാകാമെന്ന് ഐസ്ലാന്‍ഡിക് മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്.

റെയ്ക്ജാനസിലെ അഗ്‌നിപര്‍വ്വതം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂചലനങ്ങള്‍ പ്രദേശത്ത് അഗ്‌നിപര്‍വ്വത സ്ഫോടനത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചെന്ന റിപ്പോര്‍ട്ടിന്റെ പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജിയോതെര്‍മല്‍ സ്പാകള്‍ക്കും ആഡംബര ഹോട്ടലുകള്‍ക്കും പേരുകേട്ട ഗ്രിന്‍ഡാവിക്കിന് സമീപമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബ്ലൂ ലഗൂണ്‍ ഭൂകമ്പത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നിലയില്‍ കഴിഞ്ഞ വ്യാഴാഴ്ച തന്നെ അടച്ചിരുന്നു.

ഒക്ടോബര്‍ അവസാനം മുതല്‍ രാജ്യത്ത് ഇതുവരെ 24,000 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയതെന്നാണ് ഐഎംഎ കണക്ക്. അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടാവുകയാണെങ്കില്‍ ആളുകളെ പ്രദേശത്തു നിന്നും ഒഴിപ്പിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്ന് ഭരണകൂടം അറിയിച്ചു. ഭൂചനത്തെ തുടര്‍ന്ന് ഗ്രിന്ദാവിക്കിലേക്കുള്ള വടക്ക്-തെക്ക് റോഡുകള്‍ പൊലീസ് അടച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുള്ളതായി സിവില്‍ പ്രൊട്ടക്ഷന്‍ വകുപ്പ് അറിയിച്ചു. ഗ്രിന്‍ഡാവിക്കിലും തെക്കന്‍ ഐസ്ലാന്‍ഡിലുമായി മൂന്ന് താല്‍ക്കാലിക ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.