ഇഡാലിയ ഏത് നിമിഷവും രുദ്രതാണ്ഡവമാടുന്ന ചുഴലിക്കൊടുങ്കാറ്റാകും, ഭീതിയോടെ പടിഞ്ഞാറന്‍ ഫ്ളോറിഡ

ഫ്ളോറിഡ: ഇഡാലിയ ചുഴലിക്കാറ്റ് മെക്സികോ ഉൾക്കടലിലെ അസാധാരണമായ ചൂടുള്ള വെള്ളത്തിന് മുകളിലൂടെ അതിവേഗം ശക്തി പ്രാപിച്ച് നീങ്ങുകയാണ്. നിലവിൽ പരമാവധി 105 മുതല്‍ 120 മൈല്‍ വേഗതയിലാണ് ഇഡാലിയ നീങ്ങുന്നത്. ചൊവ്വാഴ്ച രാത്രി എട്ട് മണിക്കുള്ള ചുഴലിക്കാറ്റ് കേന്ദ്രം പുറത്തുവിട്ട വിവരങ്ങളാണ് ഇത്. ഈ രാത്രി നിര്‍ണായകമാണ്.

കാറ്റഗറി 2 ചുഴലിക്കാറ്റാണ് ഇപ്പോഴുള്ളത്. എന്നാൽ കാറ്റിന്റെ വേഗത കൂടുന്നതോടെ കാറ്റഗറി മൂന്നിലേക്ക് എത്തും. അതോടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.

ബുധനാഴ്ച രാവിലെ ഫ്‌ളോറിഡയിലെ ബിഗ് ബെൻഡ് മേഖലയിലേക്ക് കടക്കുന്നതിന് മുമ്പ് ഇഡാലിയ കൂടുതൽ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. ഈ കൊടുങ്കാറ്റിന് അതിവേഗം തീവ്രതയിലേക്ക് എത്താന്‍ ശേഷിയുണ്ടെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പ്രതിഭാസം സമുദ്രത്തിലെ താപനില ചൂടാകുന്നതോടെ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.

അസാധാരണ പ്രതിഭാസത്തിലൂടെ വെള്ളം ചൂടാകുന്നത് കൊടുങ്കാറ്റിന്റെ തീവ്രത കൂട്ടും. മെക്സിക്കന്‍ ഉള്‍ക്കടലില്‍ അതാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഏത് രീതിയിലായിരിക്കും ഇഡാലിയ താണ്ഡവം ആടുക എന്നതാണ് ആശങ്ക. ഫ്ളോറിഡയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് ഇഡാലിയ ഭീതിയുള്ളത്. മറ്റിടങ്ങളിലെല്ലാം ശക്തമായ മഴക്ക് സാധ്യതയുണ്ട്. മൂടിക്കെട്ടിയ ആകാശമാണ് ഫ്ലോറിഡയിലാകെ.

ചുഴലിക്കൊടുങ്കാറ്റ് ഭീതിയില്‍ പടിഞ്ഞാറന്‍ ഫ്ളോറിഡയില്‍ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണ്. അപകടസാധ്യത മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഫ്ളോറിഡ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

Idalia could become an intense hurricane at any moment, and Florida is worried

More Stories from this section

family-dental
witywide