‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: പിന്തുണച്ച് പ്രശാന്ത് കിഷോർ, ‘ലക്ഷ്യം നല്ലതായിരിക്കണം’

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ശരിയായ ലക്ഷ്യത്തോടെ 4-5 വർഷമെടുത്ത് മാറ്റങ്ങൾ കൊണ്ടുവന്നാൽ അതു രാജ്യത്തിന്‍റെ താൽപര്യത്തിന് ഗുണകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

“ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത്, രാജ്യത്തിന്‍റെ ഏകദേശം 25% ഓരോ വർഷവും തെരഞ്ഞെടുപ്പിലേക്ക് പോകുന്നു. അതിനാൽ, സർക്കാരിനെ ഭരിക്കുന്ന ആളുകൾ ഈ തിരഞ്ഞെടുപ്പ് സർക്കിളിൽപ്പെട്ട് തിരക്കിലാണ്. ഇത് ഒന്നോ രണ്ടോ തവണയാക്കിയാൽ കാര്യങ്ങൾ മെച്ചപ്പെടും. ഇത് ചെലവ് കുറയ്ക്കുന്നതിനൊടോപ്പം ജനങ്ങൾക്ക് ഒരിക്കൽ തീരുമാനം എടുത്താൽ മതിയെന്നതും ഇതിന്‍റെ ഗുണമാണ്. ഒറ്റരാത്രികൊണ്ട് ഒരു പരിവർത്തനത്തിന് ശ്രമിച്ചാൽ പ്രശ്‌നങ്ങൾ ഉണ്ടാകും. സർക്കാർ ചിലപ്പോൾ ബില്ല് കൊണ്ടുവരാം. അതു കൊണ്ടുവരട്ടെ. നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽ അത് രാജ്യത്തിന് നല്ലതായിരിക്കും.” പക്ഷെ സർക്കാർ എന്ത് ഉദ്ദേശ്യത്തോടെയാണ് അത് കൊണ്ടുവരുന്നതെന്ന് അനുസരിച്ചിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിനുശേഷം 1967 വരെ 18 വർഷം രാജ്യത്ത് തിരഞ്ഞെടുപ്പുകൾ ഒരേസമയത്താണ് നടത്തിയിരുന്നതെന്നും ലോക്സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കിയാലുള്ള ഗുണങ്ങളെക്കുറിച്ചും വാർത്താ ഏജൻസിയായ എഎൻഐക്കു പങ്കുവച്ച വിഡിയോയിൽ പ്രശാന്ത് പറയുന്നുണ്ട്.