
ഗാസയിലെ അൽ-ഷിഫ ആശുപത്രിയിലെ നെഫ്രോളജിസ്റ്റായ ഹമ്മാം അല്ലോ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്വതന്ത്ര വാർത്താ പോർട്ടലായ ഡെമോക്രസി നൗ റിപ്പോർട്ട് ചെയ്തു. മരണത്തിന് മുമ്പുള്ള തന്റെ അവസാന അഭിമുഖത്തിൽ, പാലായനം ചെയ്യാനുള്ള ഇസ്രായേലിന്റെ നിർദ്ദേശങ്ങളെ അദ്ദേഹം ശക്തമായി എതിർക്കുകയും ഒരു ഡോക്ടർ എന്ന നിലയിൽ രോഗികളോടുള്ള തന്റെ കടമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് അദ്ദേഹം കുടുംബത്തോടൊപ്പം തെക്കൻ ഗാസയിലേക്ക് മാറാത്തതെന്ന് ചോദിച്ചപ്പോൾ, ഡോക്ടർ ഡെമോക്രസി നൗവിനോട് പറഞ്ഞു, “ഞാൻ പോയാൽ, ആരാണ് എന്റെ രോഗികളെ ചികിത്സിക്കുന്നത്? അവർ മൃഗങ്ങളല്ല. അവർക്ക് ശരിയായ ആരോഗ്യപരിരക്ഷ ലഭിക്കാൻ അവകാശമുണ്ട്. എന്റെ ജീവിതത്തെക്കുറിച്ച് മാത്രം ചിന്തിക്കാനാണ് ഞാൻ മെഡിസ്‌കൂളിൽ പോയതെന്ന് നിങ്ങൾ കരുതുന്നുണ്ടോ?” അദ്ദേഹം ചോദിച്ചു.
സ്വതന്ത്രവും നീതിയുക്തവും സുസ്ഥിരവുമായ ജീവിതമാണ് അദ്ദേഹം പാലസ്തീനിൽ ആഗ്രഹിച്ചിരുന്നതെന്ന് അല്ലോയോടൊപ്പം ജോലി ചെയ്തിട്ടുള്ള സഹ നെഫ്രോളജിസ്റ്റായ ബെൻ തോംസൺ പറഞ്ഞതായി ഡെമോക്രസി നൗ റിപ്പോർട്ട് ചെയ്തു.
പിതാവ്, ഭാര്യാപിതാവ്, ഭാര്യാ സഹോദരൻ എന്നിവരോടൊപ്പം ഇസ്രായേൽ വ്യോമാക്രമണത്തിലാണ് അല്ലോ കൊല്ലപ്പെട്ടതെന്ന് തോംസൺ പറഞ്ഞു. ഇസ്രായേൽ വ്യോമാക്രമണം നടത്തുമ്പോൾ അല്ലോ ഭാര്യയുടെ വീട്ടിലായിരുന്നു. അദ്ദേഹം ഭാര്യയ്ക്കും നാലും അഞ്ചും വയസ് പ്രായമുള്ള രണ്ടുമക്കൾക്കും ഒപ്പമാണ് താമസിച്ചിരുന്നത്.













