നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ സെഷന്‍സ് ജഡ്ജി വസ്തുതാ പരിശോധന നടത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിച്ചത്.

വസ്തുതാ പരിശോധന നടത്തുന്നതില്‍ പോലീസിന്റെ സഹായം തേടാമെന്നും ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് നടപടി സ്വീകരിക്കാമെന്നും അന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നതിന് ഫോറന്‍സിക് റിപ്പോര്‍ട്ട് തെളിവായുണ്ടെന്നാണ് പ്രധാന വാദം.

ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹര്‍ജിയില്‍ നടി ചൂണ്ടിക്കാട്ടിയിരുന്നു. 2018 ജനുവരി 9നും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021 ജൂലൈയിലും ഹാഷ് വാല്യു മാറിയതായും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തിയിരുന്നു.

More Stories from this section

family-dental
witywide