നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം യുഎസിലെ തെക്കന്‍ അതിര്‍ത്തി വഴി അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഏകദേശം 42,000 ഇന്ത്യക്കാരെയാണ് അതിര്‍ത്തിയില്‍ തടഞ്ഞത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.

2022 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം കുടിയേറ്റക്കാരുടെ എണ്ണം 2.38 ദശലക്ഷമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 2.48 ദശലക്ഷമായി ഉയര്‍ന്നു. 2019 ഫെബ്രുവരിക്കും 2023 മാര്‍ച്ചിനും ഇടയില്‍ അമേരിക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 149,000 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഡാറ്റ വെളിപ്പെടുത്തുന്നു.

സാമ്പത്തിക ഞെരുക്കത്തെത്തുടര്‍ന്നാണ് പലരും യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. മുന്‍പ് കുടിയേറിയ ഇന്ത്യന്‍ വംശജരില്‍ പലരും വിജയകരമായി തൊഴില്‍ കണ്ടെത്തിയെന്നുള്ളത് കൂടുതല്‍ ആളുകളെ നിയമലംഘനം നടത്താന്‍ പ്രേരിപ്പിക്കുന്നു. അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ഗുജറാത്തില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ പലരും കാനഡയില്‍ സ്ഥിരതാമസമാക്കിയവരോ അല്ലെങ്കില്‍ അമേരിക്കയില്‍ പ്രവേശിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നവരോ ആണ്.

അമേരിക്കയിലേക്ക് അനധികൃതമായി കടക്കുന്നതിന് കൂടുതലാളുകളും തിരഞ്ഞെടുക്കുന്ന വഴികളിലൊന്ന് ഡാരിയന്‍ ഫോറസ്റ്റാണ്. പനാമയ്ക്കും കൊളംബിയയ്ക്കും ഇടയിലുള്ള അപകടകരമായ ഈ 66 മൈല്‍ വനാന്തര പാതയിലൂടെയാണ് കുടിയേറ്റക്കാര്‍ യുഎസ് അതിര്‍ത്തിയിലേക്കെത്തുന്നത്. വിഷജന്തുക്കളും അപകടകരമായ വന്യജീവികളും കുഴപ്പിക്കുന്ന വഴിയും അതിലേറെ മറ്റ് ആക്രമണങ്ങള്‍ക്കുള്ള സാധ്യതയുമെല്ലാമുള്ള ഡാരിയന്‍ ഫോറസ്റ്റ് ആഗോളതലത്തില്‍ തന്നെ ഏറ്റവും അപകടകരമായ കുടിയേറ്റ റൂട്ടുകളിലൊന്നായി കണക്കാക്കപ്പെടുന്നു.

Illegal migration by Indians into the United States, has been on the rise,

More Stories from this section

family-dental
witywide