
ഇസ്രയേല്‍-ഹമാസ് യുദ്ധത്തോടുള്ള പ്രതികരണമായി അന്ധമായ മുസ്ലീം വൈരാഗ്യത്തിന്റെ പേരില്‍ ആറു വയസ്സുകാരനെ കുത്തിക്കലപ്പെടുത്തി 71 കാരനായ ഹൗസ് ഓണര്‍. സൗത്ത് ലിങ്കണ്‍ ഹൈവേയിലെ 16200 ബ്ലോക്കിലാണ് സംഭവം നടന്നത്. ഫലസ്തീന്‍-അമേരിക്കന്‍ ബാലനായ ചെറിയ വാഡിയ അല്‍-ഫയൂമിയാണ് വര്‍ഗ്ഗീയതയുടെ പേരില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. അടുത്തിടെയാണ് കുട്ടി ആറാം ജന്മദിനമാഘോഷിച്ചത്. ശനിയാഴ്ച വില്‍ കൗണ്ടി ഷെരീഫിന്റെ പ്രതിനിധികള്‍ വീടിനു മുന്നിലെത്തുമ്പോള്‍ ജോസഫ് സൂബയെന്ന ഹൗസ് ഓണര്‍ വീടിനു മുന്നില്‍ത്തന്നെ ഇരിക്കുകയായിരുന്നു.
വീടിനകത്ത് ആറു വയസ്സുകാരന്‍ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 26 തവണ കുത്തേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ അമ്മ 32കാരിയായ ഹനാന്‍ ഷാഹിനും നിരവധി തവണ കുത്തേറ്റിരുന്നു. അതിഗുരുതരാവസ്ഥയിലുള്ള ഷാഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിങ്ങള്‍ മുസ്ലീംങ്ങള്‍ മരിക്കണം എന്നാക്രോശിച്ചുകൊണ്ടാണ് ജോസഫ് സൂബ യുവതിയേയും മകനേയും ആക്രമിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ആക്രമണത്തിനു മുന്‍പ് ജോസഫ് സൂബ കുട്ടിയുടെ പിതാവിന് സന്ദേശമയച്ചിരുന്നു.
ഈ ക്രൂരമായ ആക്രമണത്തില്‍ ഇരകളായ രണ്ടുപേരും മുസ്ലീം ആയതിനാല്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ വര്‍ഗ്ഗീയതയാണ് ആക്രമണത്തിനു പിന്നിലെന്ന് വില്‍ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. വാഡിയ അല്‍-ഫയൂമിനെ സുബ കുത്തിക്കൊലപ്പെടുത്തുകയും അമ്മ ഹനാന്‍ ഷാഹിനിനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഷാഹിന്‍ ഗുരുതരാവസ്ഥയിലാണെന്നും എന്നാല്‍ അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
കസ്റ്റഡിയിലെടുത്ത ജോസഫ് സുബയെ നെറ്റിയിലെ മുറിവ് ചികിത്സിക്കാന്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍, ഫസ്റ്റ് ഡിഗ്രി കൊലപാതകശ്രമം, വിദ്വേഷ കുറ്റകൃത്യങ്ങള്‍, മാരകമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വില്‍ കൗണ്ടിയിലെ മുതിര്‍ന്നവര്‍ക്കുള്ള തടങ്കല്‍ കേന്ദ്രത്തിലാണ് സിസുബ ഇപ്പോള്‍ കഴിയുന്നത്.