ന്യൂഡല്‍ഹി:കാനഡയുടെ പൗരനായ ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യ – കാനഡ നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഒരു ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു. ഇതിനു പകരമായി അതേ റാങ്കിലുള്ള കനേഡിയന്‍ ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടുപോകണമെന്ന് ഇയാളോട് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ തന്നെ ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമിഷ്ണറെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു. അതിനു പിന്നാലെയാണ് നടപടി.
കഴിഞ്ഞ ജൂണ്‍ 18 ന് ഖലിസ്ഥാന്‍ വാദിയായ ഹര്‍ദീപ് സിങ് നിജാര്‍ എന്ന സിഖുകാരന്‍ ബ്രിട്ടിഷ് കൊളംബിയയിലുള്ള ഒരു ഗുരുദ്വാരയ്ക്ക് മുന്നില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇന്ത്യയുടെ പങ്ക് ആരോപിച്ചാണ് കാനഡയുടെ പുതിയ നീക്കം. കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമായതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. കാനഡയുടെ മണ്ണില്‍ ഒരു കനേഡിയന്‍ പൗരനെ മറ്റൊരു രാജ്യം കൊലപ്പെടുത്തി എന്നത് കനഡയുടെ പരമാധികാരത്തിലേക്കുള്ള കടന്നു കയറ്റമാണ് എന്ന് കാനഡ വിലയിരുത്തുന്നു. ഹര്‍ദീപ് സിങ് നിജാറിനെ ഇന്ത്യ നേരത്തേ തന്നെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. 10 ലക്ഷം ഇനാമും പ്രഖ്യാപിച്ചിരുന്നു. 1997 ല്‍ പഞ്ചാബിലെ ജലന്ധറില്‍നിന്ന് കാനഡയ്ക്ക് കുടുയേറിയതാണ് ഇയാള്‍. ഖലിസ്ഥാനി ടൈഗര്‍ ഫോഴ്സ് എന്ന തീവ്രവാദ സംഘടനയുടെ നേതാവായിരുന്നു ഇയാളെന്ന് ഇന്ത്യ ആരോപിക്കുന്നു. 2007 ല്‍ ജലന്ധറില്‍ ഒരു ക്ഷേത്ര പൂജാരിയുടെ കൊലപാതകവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നു.
ഇന്ത്യയില്‍ ഭീകരാക്രമണം നടത്തണമെന്ന് ഇയാള്‍ ആഹ്വാനം ചെയ്തിരുന്നു.
ജി 20 സമ്മേളനത്തിനിടെ ഖലിസ്ഥാന്‍ വിഷയത്തില്‍ കാനഡയ്ക്ക് എതിരെ കടുത്ത നിലപാട് ഇന്ത്യ സ്വീകരിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ച ചെയ്യാന്‍ പോലും കാനഡ വിസമ്മതിച്ചിരുന്നു. ഇന്ന് ന്യൂയോര്‍ക്കില്‍ യുഎന്‍ പ്രതിനിധി സഭ ചേരാനിരിക്കെ ഈ വിഷയം ലോകത്തിനു മുന്നില്‍ കാനഡ ഉയര്‍ത്തിയേക്കും.
in a tit tat move India asks Canadian diplomat to leave the country in 5 days