
ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നങ്ങൾ തുടരുന്നതിനിടയിൽ പുതിയ പ്രകോപനവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. താൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തെക്കുറിച്ച് സംസാരിച്ചെന്നും “നിയമവാഴ്‌ച ഉയർത്തിപ്പിടിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്” ചർച്ച നടത്തിയെന്നും എക്സിൽ കുറിച്ച പോസ്റ്റിൽ ട്രൂഡോ പറഞ്ഞു.
ഇന്ത്യ-കാനഡ തർക്കത്തിന് പുറമെ, നിലവിലുള്ള ഇസ്രയേൽ-ഹമാസ് സംഘർഷവും ട്രൂഡോ ചർച്ചയിൽ ഉയർത്തി.
“ഇന്ന് ഫോണിൽ, ഹിസ് ഹൈനസ് മുഹമ്മദ് ബിൻ സായിദും ഞാനും ഇസ്രായേലിലെ നിലവിലെ അവസ്ഥയെക്കുറിച്ച് സംസാരിച്ചു. ഞങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും സിവിലിയൻ ജീവിതത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്‌തു. ഇന്ത്യയെക്കുറിച്ചും നിയമവാഴ്‌ച ഉയർത്തിപ്പിടിക്കുന്നതിന്റെയും, ബഹുമാനിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു,” ട്രൂഡോ എക്‌സ് പോസ്‌റ്റിൽ കുറിച്ചു.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കനേഡിയൻ മണ്ണിൽ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ട്രൂഡോയുടെ പ്രതികരണം.