ചരിത്ര മന്ദിരത്തിന് വിട, നെഹ്റുവിന്റെ പ്രസംഗത്തിന്റെ പ്രതിധ്വനി പ്രചോദനമായി തുടരും; പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ മന്ദിരത്തിലേക്ക് പോകുന്നതിന് മുമ്പ് രാജ്യത്തിന്റെ 75വര്‍ഷത്തെ പാര്‍ലമെന്ററി യാത്രയെക്കുറിച്ച് ഓര്‍മ്മിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രചോദനകരമായ നിമിഷങ്ങള്‍ ഓര്‍മ്മിക്കാന്‍ ഇതാണ് അവസരമെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനം ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാമന്ത്രി.

“നമ്മളെല്ലാവരും ഈ ചരിത്ര മന്ദിരത്തോട് വിടപറയുകയാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് ഈ മന്ദിരം സാമ്രാജ്യത്വ ലെജിസ്ലേറ്റീവ് കൗണ്‍സിലായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഈ മന്ദിരം പാര്‍ലമെന്റ് മന്ദിരം എന്ന അസ്ഥിത്വം സ്വന്തമാക്കി. ഈ കെട്ടിടം നിര്‍മ്മിക്കാനുള്ള തീരുമാനം എടുത്തത് വിദേശികളാണ് എന്നത് സത്യമാണ് എന്നാല്‍ ഈ കെട്ടിടത്തിനായി നഷ്ടപ്പെടുത്തിയ വിയര്‍പ്പും വിനിയോഗിച്ച പണവും അധ്വാനം എന്റെ രാജ്യത്തെ ജനങ്ങളുടേതാണെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും. നമ്മള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പോകുകയാണ്. പക്ഷേ പഴയ പാര്‍ലമെന്റ് മന്ദിരം വരുന്ന തലമുറയെയും പ്രചോദിപ്പിച്ച് നിലനില്‍ക്കും,” പ്രധാനമന്ത്രി പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു പാര്‍ലമെന്റില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ‘എ ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തിന്റെ പ്രതിധ്വനി രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“അര്‍ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങുന്ന സമയത്ത് ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നുയരും,” ഇങ്ങനെ തുടങ്ങി കൊണ്ടാണ് 1947 ആഗസ്ത് 15ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രഥമ പ്രധാനമന്ത്രി നെഹ്റുവിന്റെ പ്രസംഗം.

“നെഹ്റുജിയുടെ സ്‌ട്രോക്ക് ഓഫ് മിഡ്നൈറ്റ് പ്രസംഗത്തിന്റെ പ്രതിധ്വനി നമ്മെ പ്രചോദിപ്പിക്കും. അടല്‍ ബിഹാരി വാജ്പേയി പറഞ്ഞത് പോലെ ഈ സഭയില്‍ സര്‍ക്കാരുകള്‍ വരും, പോകും, പക്ഷേ ഈ രാജ്യം നിലനില്‍ക്കും,” പ്രധാനമന്ത്രി പറഞ്ഞു.