ഹ്യൂണ്ടായി എക്സ്റ്ററിന് ആവശ്യക്കാർ ഏറുന്നു; സൺറൂഫ് വേരിയന്റ് ചോദിച്ചു വാങ്ങി ഉപയോക്താക്കൾ

കൊറിയൻ വാഹന ഭീമൻമാരായ ഹ്യൂണ്ടായിയുടെ മൈക്രോ എസ് യു വി മോഡലായ എക്സ്റ്ററിന് വിപണിയിൽ വൻ ഡിമാൻഡ്. EX, S, SX, SX(O), SX(O) കണക്ട് എന്നീ അഞ്ച് വേരിയന്റുകളില്‍ വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ്.

വിപണിയിലെത്തി ആദ്യ മാസം തന്നെ 7,000 യൂണിറ്റ് വില്‍പ്പന നേടി എക്‌സ്റ്റര്‍ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഹിറ്റ് മോഡലായി മാറിയിരുന്നു. ബ്രാന്‍ഡിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പ്രകാരം ഹ്യുണ്ടായി എക്‌സ്റ്റര്‍ വാങ്ങാന്‍ വരുന്ന 75% കസ്റ്റമേഴ്‌സിനും സണ്‍റൂഫ് (Sunroof) വേരിയന്റുകള്‍ മതിയെന്നാണ് പറയുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 50,000-ത്തില്‍ അധികം ആളുകളാണ് ഇതിനോടകം എക്‌സ്റ്റര്‍ ബുക്കുചെയ്തിട്ടുള്ളതെന്നാണ് വിവരം. ഇക്കഴിഞ്ഞ ജൂലായ് പത്താം തീയതിനാണ് ഈ വാഹനം വിപണിയില്‍ അവതരിപ്പിച്ചത്. ബുക്കിങ്ങ് മുമ്പ് തന്നെ ആരംഭിച്ചിരുന്നെങ്കിലും വില പ്രഖ്യാപിക്കുന്നതിന് മുമ്പ് 10,000 ആളുകളാണ് ബുക്കുചെയ്തിരുന്നത്. എന്നാല്‍, വില പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിലാണ് 40,000 ബുക്കിങ്ങ് നേടാന്‍ ഹ്യുണ്ടായി എക്‌സ്റ്ററിന് സാധിച്ചതെന്നാണ് സൂചന. എക്‌സ്റ്ററിന് ലഭിച്ചിട്ടുള്ള മൊത്തം ബുക്കിങ്ങിന്റെ 75 ശതമാനവും സണ്‍റൂഫുള്ള വേരിയന്റിനാണ് ലഭിച്ചിരിക്കുന്നത്. അതുപോലെ ബുക്കിങ്ങിന്റെ മൂന്നിലൊന്ന് ഉപയോക്താക്കള്‍ എ.എം.ടി. വേരിയന്റാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 1.2 ലിറ്റര്‍ ബൈ-ഫ്യുവല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ എഞ്ചിന്‍ 83 bhp പവറും 113.8 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. സിഎന്‍ജി മോഡില്‍ എഞ്ചിന്‍ 69 bhp പവറും 95.2 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലേക്ക് വന്നാല്‍ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു.

More Stories from this section

family-dental
witywide