‘ഇൻഡ്യ’ സഖ്യം വിറച്ചു; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ തന്ത്രങ്ങൾ മെനയണം, ഡിസംബർ 6ന് യോഗം

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ രൂപീകരിക്കാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിന്റെ നേതാക്കൾ ഡിസംബർ 6 ന് ഡൽഹിയിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ യോഗം ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

വൈകിട്ട് ചേരുന്ന യോഗത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ നേരിടാനുള്ള പദ്ധതികൾ നേതാക്കൾ ചർച്ച ചെയ്ത് അന്തിമമാക്കുമെന്നാണ് സൂചന.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾക്കായി കോൺഗ്രസ് കാത്തിരിക്കുകയായിരുന്നു. നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമചിത്രം തെളിയവേ കോൺഗ്രസിന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. കൈയിലിരുന്ന രണ്ട് സംസ്ഥാനങ്ങളിൽ അധികാരം നഷ്ടമായപ്പോൾ ആശ്വസിക്കാനുള്ളത് തെലങ്കാനയിലെ വിജയം മാത്രം. ബിജെപിയോട് നേർക്കുനേർ പോരാടിയ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് പരാജയം രുചിക്കേണ്ടിവന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലാകുമെന്ന് വിലയിരുത്തിയ ഈ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയം ഫലത്തിൽ ഇൻഡ്യ മുന്നണിക്കും തിരിച്ചടിയാണ്.

പൊതുതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യെ നേരിടാൻ ഇൻഡ്യാ ബ്ലോക്കിന്റെ ഭാഗമായി 26 പാർട്ടികളാണ് ഒത്തുചേർന്നിരിക്കുന്നത്. പട്‌ന, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഇതുവരെ മൂന്ന് റൗണ്ട് ചർച്ചകൾ നടത്തി.

നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടർന്ന് നിർത്തിവച്ച സംയുക്ത റാലികൾ പ്രതിപക്ഷ നേതാക്കൾ ഇനി ആസൂത്രണം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രാദേശിക സംഘടനകൾ തമ്മിലുള്ള സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ചർച്ചകളും ശക്തി പ്രാപിക്കുമെന്ന് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide