ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെുടുപ്പില്‍ ഒറ്റക്കെട്ടായി മല്‍സരിക്കാന്‍ പ്രമേയം പാസാക്കി ഇന്ത്യ മുന്നണി. കഴിയുന്നത്ര സീറ്റില്‍ ഒന്നിച്ചു മല്‍സരിക്കും. സീറ്റ് വിഭജനം എത്രയും വേഗം പൂര്‍ത്തിയാക്കും. ഇന്ത്യ മുന്നണിയുടെ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് മുംബൈയില്‍ നടന്നത്.
മുന്നണിയുടെ ഏകോപനത്തിന് 14 അംഗ ഏകോപന കമ്മിറ്റിക്ക് രൂപം നല്‍കി. അതില്‍ ഗാന്ധി കുടുംബത്തില്‍നിന്ന് ആരുമില്ല. കോണ്‍ഗ്രസില്‍ നിന്ന് കെ.സി. വേണുഗോപാല്‍, സിപിഐയില്‍ നിന്ന് ഡി. രാജ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിപിഎം പിന്നീട് ആളെ തീരുമാനിക്കുമെന്ന് അറിയിച്ചു.
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ആര്‍ജെഡിയുടെ തേജസ്വി യാദവ്, തൃണമൂലിന്റെ അഭിഷേക് ബാനര്‍ജി, ശിവസേനയുടെ സഞ്ജയ് റാവത്ത്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ആംആദ്മിയുടെ രാഘവ് ഛദ്ദ, ജെഡിയുവിന്റെ ലല്ലന്‍ സിങ്, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല, പിഡിപിയുടെ മെഹബൂബ മുഫ്തി, സമാജ് വാദി പാര്‍ട്ടിയുടെ ജാവേദ് അലി ഖാന്‍ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. മുന്നണിയുടെ ലോഗോ പിന്നീട് പ്രകാശനം ചെയ്യും.