ഇന്ത്യ – കാനഡ നയതന്ത്ര പ്രതിസന്ധി: ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

ന്യൂഡല്‍ഹി : ഇന്ത്യ-കാനഡ ബന്ധം മോശമാകുമ്പോള്‍ ആശങ്കയിലാകുന്നത് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ്. കാനഡയില്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്നു, അവരെല്ലാവരും തന്നെ ആ നാട്ടില്‍ തുടര്‍ന്ന് ജീവിക്കാന്‍ താല്‍പര്യത്തോടെ അവിടെ പോയവരാണ്. ഇവിടെ ഇനിയും കാനഡ സ്വപ്നം കണ്ട് ആയിരക്കണക്കിന് ആളുകള്‍ കുടിയേറാന്‍ കാത്തിരിപ്പുണ്ട്.

കാനഡയില്‍ പിആറിന് അപേക്ഷിച്ചു കാത്തിരിക്കുന്നവരും കടുത്ത ആശങ്കയിലാണ്.

പഞ്ചാബില്‍നിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണു കാനഡയില്‍ പഠിക്കുന്നത്. രാജ്യാന്തര വിദ്യാര്‍ഥികളെ ഏറെ ആശ്രയിക്കുന്ന കാനഡയിലെ സര്‍വകലാശാലകളില്‍ 40 ശതമാനത്തോളം കുട്ടികള്‍ എത്തുന്നത് ഇന്ത്യയില്‍നിന്നാണ്. കാനഡയില്‍ പഠിക്കാനും സ്ഥിരതാമസമാക്കാനും സ്വപ്‌നം കാണുന്ന നിരവധി വിദ്യാര്‍ഥികള്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം നിജപ്പെടുത്താന്‍ കാനഡ നീക്കം നടത്തുമെന്നാണ് ഇവരുടെ പേടി. പിആറിന് അപേക്ഷിച്ച് കാത്തിരിക്കുന്ന പല ഇന്ത്യന്‍ കുടുംബങ്ങളും ആശങ്കയിലാണ്.

എന്നാല്‍ ഇരുരാജ്യങ്ങളും വിദ്യാര്‍ഥികളുടെ വിഷയത്തില്‍ നിലപാട് കടുപ്പിക്കാന്‍ സാധ്യതയില്ലെന്നും ചില ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. സംഘര്‍ഷം താല്‍ക്കാലികം മാത്രമാണെന്നും കാനഡയുടെ വാര്‍ഷിക ബജറ്റിന്റെ 30 ശതമാനവും വിദേശവിദ്യാര്‍ഥികളുടെ സംഭാവനയാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവഴിയുള്ള വരുമാനം വേണ്ടെന്നു വയ്ക്കാന്‍ കാനഡയ്ക്കു കഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ഖലിസ്ഥാന്‍ ഭീകരനും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ്‌സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന ആരോപണം കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുവരുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ വിശദീകരിക്കുകയായിരുന്നു. പിന്നാലെ കാനഡും ഇന്ത്യയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളായി.

ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന്മേല്‍ യുഎസും ഓസ്‌ട്രേലിയയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും യുഎസ് പ്രതികരിച്ചു. തങ്ങളുടെ ആശങ്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രിയുടെ വക്താവ് പ്രതികരിച്ചു. ട്രൂഡോയുടേത് ഗുരുതര ആരോപണമാണെന്നു ബ്രിട്ടന്‍ വ്യക്തമാക്കി.

India – Canada diplomatic crises : anxiety grips Indian students

More Stories from this section

dental-431-x-127
witywide