
ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രയേലിലെ നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമുണ്ടെന്ന് യുദ്ധത്തെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇസ്രയേലില്‍ നടക്കുന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഇരയാക്കപ്പെടുന്ന നിരപരാധികള്‍ക്കൊപ്പവും അവരുടെ കുടുംബാംഗങ്ങള്‍ക്കുമൊപ്പം തങ്ങളുടെ പ്രാര്‍ത്ഥനയുണ്ടെന്നും മോദി അപലപിച്ചു. അതീവ ദുഷ്‌കരമായ ഈ സമയത്ത് ഞങ്ങള്‍ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും മോദി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ഓപ്പറേഷന്‍ ‘അല്‍ അഖ്‌സ ഫ്‌ളഡ്’ എന്ന പേരിലാണ് ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. 20 മിനിറ്റുകൊണ്ട് 5000 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിട്ടതായാണ് റിപ്പോര്‍ട്ട്. ഒരു പതിറ്റാണ്ടിനിടെ ഇസ്രായേല്‍ നേരിടുന്ന വലിയ ഭീകരാക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കരയിലൂടെയും കടലിലൂടെയും ആകാശത്തു കൂടെയും ആക്രമണങ്ങള്‍ നടത്തി ഇസ്രയേലിനെ ഞെട്ടിച്ചിരിക്കുകയാണ് ഹമാസ്. ഒഫാകിം നഗരത്തിലാണ് വ്യാപക ആക്രമണം നടന്നത്. ആക്രമണങ്ങളില്‍ ഇതുവരെ 22 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചു കഴിഞ്ഞു. ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നെതന്യാഹു എല്ലാവരും സജ്ജരായിരിക്കുവാന്‍ ആവശ്യപ്പെട്ടു. നമ്മള്‍ യുദ്ധത്തിലാണ്. ഈ യുദ്ധം നമ്മള്‍ ജയിക്കുകതന്നെ ചെയ്യും. ഇതൊരു ചെറിയ ഓപറേഷന്‍ അല്ല, യുദ്ധമാണ്. ഈ ചെയ്തതിന് സമാനതകളില്ലാത്ത വില ഹമാസ് നല്‍കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താനും പരമാവധി താമസസ്ഥലങ്ങളില്‍ തന്നെ കഴിയാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വീടുകളുടെ പുറത്തിറങ്ങരുതെന്നും ഇപ്പോഴെവിടെയാണോ ഉള്ളത് ആ സ്ഥലങ്ങളില്‍ തന്നെ തുടരാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ബന്ധപ്പെടാനായി ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.
അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മലയാളികള്‍ ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുകയാണ്. പല മലയാളികളുടെയും താമസസ്ഥലം ഉള്‍പ്പെടെ തകര്‍ന്നു. കനത്ത ഷെല്‍ ആക്രമണവും ബോംബ് അക്രമണവും നേരിടുകയാണെന്ന് ഇസ്രയേലിലെ മലയാളികള്‍ പറയുന്നു. അക്രമികള്‍ പുറത്തുണ്ട് എന്നത് ഭീതി കൂട്ടുകയാണെന്നും തീവ്രവാദികള്‍ വാഹനത്തില്‍ നിന്നിറങ്ങി പുറത്ത് കറങ്ങി നടക്കുന്നത് കാണാമെന്നും മലയാളികള്‍ വ്യക്തമാക്കുന്നു.
അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കി പൗരന്മാര്‍ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ +97235226748. കൂടുതല്‍ വിവരങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ക്കുമായി https://www.oref.org.il/en എന്ന് വെബ്സൈറ്റ് സന്ദര്‍ശിക്കാനും എംബസി അറിയിച്ചു.
india-expresses-solidarity-with-israel-narendra-modi















