
ന്യൂയോർക്ക്/ന്യൂഡല്‍ഹി : ഖലിസ്ഥാൻവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്കു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് വ്യക്തമായ തെളിവുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അന്വേഷണത്തിൽ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്ത ശേഷം വാർത്താസമ്മേളനത്തിലാണ് ട്രൂഡോയുടെ പ്രസ്താവന. എന്നാൽ എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
“അന്വേഷണത്തോടു സഹകരിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിക്കുകയാണ്. നീതി നടപ്പാകണം. നിയമവാഴ്ചയ്ക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നത്. സ്വതന്ത്രമായ രീതിയിൽ അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ. കനേഡിയന്‍ പൗരനെ സ്വന്തം മണ്ണിൽ കൊല ചെയ്തത് രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. കൊലയ്ക്കു പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്നതിന് വിശ്വസനീയമായ തെളിവുണ്ട്. ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യം ഞങ്ങൾക്കില്ല.’ – ട്രൂഡോ പറഞ്ഞു.
അതേസമയം, സ്ഥിതിഗതികള്‍ മോശമായതിനു പിന്നാലെ, ഡല്‍ഹിയിലുള്ള നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാൻ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടു. കനേഡിയൻ നയതന്ത്രജ്ഞർ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിർദേശം. കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ നൽകുന്നത് നിർത്തിവച്ച് മണിക്കൂറുകൾക്കുള്ളിലാണ് പുതിയ നീക്കം.
‘ഇന്ത്യയ്ക്ക് കാനഡയിലുള്ളതിനേക്കാൾ ഏറെയാണ് ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര സാന്നിധ്യം. അതിനാൽ എണ്ണം കുറയ്ക്കേണ്ടതുണ്ട്.’ – വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘നയതന്ത്രജ്ഞരുടെ എണ്ണത്തിൽ തുല്യത വേണമെന്ന് ഞങ്ങൾ കനേഡിയൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അവരുടെ എണ്ണം കാനഡയിൽ ഞങ്ങളേക്കാൾ വളരെ കൂടുതലാണ്. എണ്ണം കുറയ്ക്കാൻ അവർ തയാറാകുമെന്ന് കരുതുന്നു.’ – ബാഗ്ചി പറഞ്ഞു.
കാനഡയിൽ ഇന്ത്യൻ പ്രതിനിധികൾക്ക് ഭീഷണിയുള്ളതിനാലാണ് വീസ നടപടികൾ താൽക്കാലികമായി നിർത്തിവച്ചതെന്നും അരിന്ദം ബാഗ്ചി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘സിഖ് വിഘടനവാദിയുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം മുൻവിധിയോടെയുള്ളതാണ്. ഈ പ്രസ്താവനയ്ക്കു പിന്നിൽ രാഷ്ട്രീയ ലക്ഷ്യവുമുണ്ട്. സുരക്ഷാ പ്രശ്നമുള്ളതിനാൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുകളിലെയും കോൺസുലേറ്റുകളിലെയും വീസ അപേക്ഷ നടപടിക്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ട്. ഹർദീപ് സിങ് നിജ്ജാറിന്റെ കേസിനെക്കുറിച്ച് വ്യക്തമായ എന്തെങ്കിലും വിവരം കാനഡ പങ്കുവച്ചിട്ടില്ല.’ – അദ്ദേഹം പറഞ്ഞു.