ഭാരത് ജോഡോയിലും രക്ഷപ്പെടാതെ കോണ്‍ഗ്രസ്; ഇന്ത്യന്‍ രാഷ്ട്രീയം ദക്ഷിണ- ഉത്തര ഇന്ത്യയായി വിഭജിക്കപ്പെടുന്നു

തെലങ്കാനയില്‍ വിജയിച്ചെങ്കിലും വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന് രക്ഷപ്പെടാനാകുന്നില്ല എന്ന യാഥാര്‍ത്ഥ്യമാണ് നാല് സംസ്ഥാനങ്ങളിലെ ജനവിധി. കയ്യിലുള്ള രണ്ട് സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ പാര്‍ട്ടിക്കുള്ളിലെ തമ്മിലടിയും നരേന്ദ്രമോദിയുടെ ഹിന്ദുത്വ രാഷ്ട്രീയവും ചേര്‍ന്നുനിന്നപ്പോള്‍ പരാജയത്തിന്റെ ആഘാതം കൂടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കയ്യില്‍ കിട്ടിയിട്ടും കോണ്‍ഗ്രസിന് നഷ്ടപ്പെട്ട സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. ശിവരാജ് സിംഗ് ചൌഹാനെതിരെ അവിടെ വലിയ ജനവികാരം ഉണ്ടായിരുന്നു. പക്ഷെ, അതൊന്നും കോണ്‍ഗ്രസിനെ തുണച്ചില്ല. വലിയ ഭൂരിപക്ഷത്തില്‍ മധ്യപ്രദേശും ബിജെപി നിലനിര്‍ത്തി.

നല്ല മുഖ്യമന്ത്രി എന്ന് പൊതുവെ വിലയിരുത്തപ്പെട്ട നേതാവായിരുന്നു ചത്തീസ്ഗഡില്‍ ഭൂപേഷ് ഭാഗേല്‍. പ്രതിപക്ഷത്തുണ്ടായിരുന്ന മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് പലപ്പോഴും ചിത്രത്തിലേ ഇല്ലായിരുന്നു. പക്ഷെ, ബിജെപിയുടെ രാഷ്ട്രീയ നീക്കത്തില്‍ ചത്തീസ്ഗഡും കോണ്‍ഗ്രസിന് കൈവിട്ടുപോയി. തെലങ്കാനയില്‍ കെ.സി.ആറിനെ വീഴ്ത്തി അധികാരത്തിലെത്താനായെങ്കിലും ബിജെപിയെ അല്ല അവിടെ കോണ്‍ഗ്രസ് തോല്പിച്ചത് എന്നും ശ്രദ്ധേയമാണ്. ബിജെപിയുമായി നേർക്കുനേർ ഏറ്റുമുട്ടിയ എല്ലായിടത്തും കോൺഗ്രസ് തോറ്റു.

ഇന്ത്യയില്‍ ഏറ്റവും അധികം സംസ്ഥാനങ്ങളില്‍ ബിജെപിയുമായി നേരിട്ട് മത്സരിക്കുന്ന പാര്‍ടിയാണ് കോൺഗ്രസ് . 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി മത്സരിച്ച് കോണ്‍ഗ്രസ് പിടിച്ച ഏക സംസ്ഥാനം ഹിമാചല്‍പ്രദേശ് മാത്രമാണ്. ഹിമാചല്‍പ്രദേശ് കൂടി നഷ്ടമായാല്‍ വടക്കേ ഇന്ത്യയില്‍ എവിടെയും അധികാരത്തില്‍ ഇല്ലാത്ത പാര്‍ടിയായി കോണ്‍ഗ്രസ് മാറും.

വര്‍ഗീയതക്കെതിരായ സന്ദേശവുമായി രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര വലിയ ചര്‍ച്ചയായിരുന്നു. ഭാരത് ജോഡോ യാത്രക്കിടയിലായിരുന്നു ഗുജാറാത്തിലും ഹിമാചല്‍പ്രദേശിലുമൊക്കെ തെരഞ്ഞെടുപ്പ് നടന്നത്. ഹിമാചല്‍പ്രദേശിലെ വിജയം കോണ്‍ഗ്രസിന് അന്ന് ആശ്വാസമായി. ഭാരത് ജോഡോ യാത്രക്ക് ശേഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ കൂടിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. പക്ഷെ, തെലങ്കാനയിലെ വിജയം ഒഴിച്ചാല്‍ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് കൂടുതല്‍ തകരുകയാണ് ചെയ്തത്.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമെ ബാക്കിയുള്ളു. വടക്കേ ഇന്ത്യയിലെ മണ്ണില്‍ ബിജെപി കൂടുതല്‍ കൂടുതല്‍ ശക്തമാവുകയാണ്. ഹിന്ദിബെല്‍റ്റില്‍ നരേന്ദ്ര മോദിയും അമിത്ഷായും ഉണ്ടാക്കിയ സ്വാധീനത്തില്‍ ഒരു ഇളക്കവും തട്ടുന്നില്ല. ഡിസംബര്‍ മാസത്തോടെ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രധാന നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാകും. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് അതുകൂടിയാകുമ്പോള്‍ ബിജെപിയുടെ ക്യാമ്പുകളില്‍ ആവേശം കൂടും.

India is divided as North and South by politics

More Stories from this section

dental-431-x-127
witywide