
ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചു. അതിനായി ഓപ്പറേഷന്‍ അജയ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അറിയിച്ചു. വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും ഏതെങ്കിലും മാര്‍ഗത്തിലൂടെ തിരികെ എത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇസ്രയേലില്‍ പുതിയ ഹെല്‍പ് ലൈനും ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു.
‘ഇസ്രായേലില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടി ഓപ്പറേഷന്‍ അജയ് ആരംഭിക്കുന്നു. ദൗത്യത്തിനായി പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളുള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ‘ എന്ന കുറിപ്പിനൊപ്പമാണ് വിദേശകാര്യമന്ത്രി ദൗത്യം പ്രഖ്യാപിച്ചത്.
പോരാട്ടം രൂക്ഷമായതോടെ, രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയില്‍ ദിവസവും നൂറുകണക്കിന് അഭ്യര്‍ത്ഥനകളാണ് ലഭിക്കുന്നത്.
18,000 ത്തോളം ഇന്ത്യക്കാര്‍ ഇസ്രയേലിലുണ്ടെന്നാണ് വിവരം. ഇതില്‍ത്തന്നെ വലിയൊരു വിഭാഗം മലയാളികളാണ്. പോരാട്ടം രൂക്ഷമായ സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ വേണ്ടിവന്നാല്‍ സജ്ജമായിരിക്കാന്‍ വ്യോമ – നാവിക സേനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിയിരുന്നു.
ഇന്ത്യയെ കൂടാതെ കാനഡ അടക്കമുള്ള രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്. ഇസ്രയേലില്‍ കുടുങ്ങിയവരില്‍ നിരവധി ടൂറിസ്റ്റുകളുമുണ്ട്. ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയും പലസ്തീനിലെ ഇന്ത്യയുടെ പ്രതിനിധികാര്യ ഓഫീസും ഇന്ത്യന്‍ പൗരന്മാരോട് ‘ജാഗ്രത പാലിക്കാനും’ അടിയന്തരഘട്ടത്തില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
India launched operation Ajay to facilitate return of its citizens from Israel