
ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ നേതൃത്വത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 22 ന് ഡാലസ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിലാണ് സെമിനാർ. അമേരിക്കയിലെയും കേരളത്തിലേയും അറിയപ്പെടുന്ന മാധ്യമ പ്രവർത്തകർ സെമിനാറിൽ പങ്കെടുക്കും. പ്രസിഡന്റ് സിജു ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിവുട്ടിവ് കമ്മറ്റി പരിപാടികൾക്ക് അന്തിമ രൂപം നൽകി. സണ്ണി മാളിയേക്കൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു.
മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് 2006 ൽ ആണു രൂപീകൃതമായത്. സംഘടനയുടെ 2022-23 പ്രവർത്തനവർഷത്തെ ഭാരവാഹികളായി സിജു വി. ജോർജ് (പ്രസിഡന്റ്), അഞ്ജു ബിജിലി (വൈസ് പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), ബെന്നി ജോൺ (ട്രഷറർ), പ്രസാദ് തീയാടിക്കൽ (ജോയിന്റ് ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു. ബിജിലി ജോർജ്ജ് രക്ഷാധികാരിയായി പ്രവർത്തിക്കുന്ന ഉപദേശക സമിതിയിൽ സണ്ണി മാളിയേക്കൽ, പി. പി. ചെറിയാൻ, ടി. സി. ചാക്കോ എന്നിവർ അംഗങ്ങളാണ്. പിന്നീട് പ്രവർത്തക സമിതിയിലേക്ക് നാലു മാധ്യമ പ്രവർത്തകരെ കൂടി നാമനിർദ്ദേശം ചെയ്ത് പ്രവർത്തനം വിപുലീകരിച്ചു. മാധ്യമ രംഗത്ത് സുപരിചിതരും, വ്യക്തിമുദ്ര പതിപ്പിച്ചതുമായ ലാലി ജോസഫ്, ജോജോ കോട്ടയ്ക്കൽ, അനശ്വർ മാമ്പള്ളി, തോമസ് ചിറമേൽ എന്നിവർ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസിന്റെ പ്രവർത്തക സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു.
അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്ക് അംഗീകാരം നൽകുക, കേരളത്തിലുള്ള അർഹരായ മാധ്യമ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്, മാധ്യമ പഠന കളരി എന്നിവ ഉൾപ്പെടുത്തി 2023 ലെ വിവിധ കർമ്മ പരിപാടികൾ തയാറാക്കിയതായി പ്രസിഡന്റ് സിജു വി. ജോർജ്ജ്, സെക്രട്ടറി സാം മാത്യു എന്നിവർ അറിയിച്ചു. പരിപാടികളിൽ പങ്കാളികളാകണമെന്ന് അമേരിക്കയിലെ മാധ്യമ പ്രവർത്തകരോട് പ്രസിഡന്റ് സിജു വി. ജോർജ്ജ് അഭ്യർഥിച്ചു.