
ന്യുഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം മാത്രം രജിസ്റ്റര്‍ ചെയ്തത് 28,522 കൊലപാതക കേസുകളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. റിപ്പോര്‍ട്ട് പ്രകാരം ഓരോ ദിവസവും ശരാശരി 78 കൊലപാതങ്ങള്‍ അല്ലെങ്കില്‍ ഒരോ മണിക്കൂറിലും മൂന്ന് വീതം കൊലപാതകങ്ങളാണ് രാജ്യത്ത് നടക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊലപാതകക്കേസുകള്‍ ഇതിലും കൂടുതലാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം 2021ല്‍ 29,272ഉം 2020ല്‍ 29,193 ഉം കൊലപാതകക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം 9,962 കൊലപാതകങ്ങള്‍ നടന്നത് വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ പ്രകോപനത്തിലാണ്. വ്യക്തിപരമായ പകപോക്കലകളുടെ ഭാഗമായി 3,761 കൊലപാതകങ്ങളും നടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ഉത്തര്‍പ്രദേശിലാണ്. അവിടെ 3,492 പേരാണ് കൊല്ലപ്പെട്ടത്. ബിഹാര്‍, മഹാരാഷ്ട്ര. മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവയാണ് പട്ടികയിലുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. കണക്കുകള്‍ പ്രകാരം ഏറ്റവും കുറവ് സിക്കിം (9), നാഗാലാന്‍ഡ്(21), മിസോറാം (31), ഗോവ (44), മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ്.
കൊലപാതകക്കുറ്റങ്ങളുടെ നിരക്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ഝാര്‍ഖണ്ഡാണ്. കൊല്ലപ്പെട്ടവരില്‍ 95.4 ശതമാനും മുതിര്‍ന്നവരാണ്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളുടെ എണ്ണം 8,125 ആണെങ്കില്‍ ഒന്‍പതുപേര്‍ ട്രാന്‍സ് ജന്‍ഡേഴ്സ് വിഭാഗത്തില്‍പ്പെട്ടവരാണ്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ഏറ്റവും കുടുതല്‍ കേസുകള്‍ കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഡല്‍ഹിയിലാണ്(509). കശ്മിരില്‍ (99) പുതുച്ചേരി (30)ചണ്ഡിഗഡ് (18), ദാദ്ര നഗര്‍ ഹവേലി (16) അന്‍ഡമാന്‍ (7), ലഡാക്ക് (5) എന്നിങ്ങനെയാണ്. ലക്ഷദ്വീപില്‍ ഒരു കൊലപാതകക്കേസു പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.















