‘കില്ലർ ഡ്രോണ്‍’ ഡീലായി; ബെെഡനെത്തും മുന്‍പ് കരാർ പൂർത്തിയാക്കാന്‍ ഇന്ത്യ

ന്യൂഡൽഹി: ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടക്കുന്ന മോദി-ബൈഡൻ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസുമായുള്ള ഡ്രോണ്‍ ഡീലുറപ്പിച്ച് ഇന്ത്യ. ‘കില്ലർ ഡ്രോണുകള്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 31 MQ-9B റീപ്പർ – പ്രിഡേറ്റർ-ബി ഡ്രോണുകൾ കെെമാറുന്നതിന് യുഎസ് സർക്കാരിനോട് ഇന്ത്യ ഔപചാരികമായി ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് അന്തിമ കരാർ ഒപ്പിടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

31 ‘ഹണ്ടർ-കില്ലർ’ റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ് സംവിധാനങ്ങളാണ് ഈ സാമ്പത്തിക വർഷം ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. മൊബൈൽ ഗ്രൗണ്ട് കൺട്രോൾ സിസ്റ്റങ്ങളുള്‍പ്പടെയുള്ള ആധുനിക ആയുധ ഉപകരണങ്ങളാണ് ഡീലില്‍ കെെമാറുന്നതെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഡ്രോണും അവയുടെ പേലോഡുകളും ഉള്‍പ്പെടുന്ന മൂന്ന് സേവനങ്ങളാണ് കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നാവികസേനയ്ക്ക് പട്രോളിംഗ് റഡാറുകളടങ്ങുന്ന 15 സീ ഗാർഡിയൻസ്, കരസേന, വ്യോമസേന എന്നിവയ്ക്കായി 16 സ്കൈ ഗാർഡിയൻസ് എന്നിങ്ങനെയാണ് ഡീല്‍. ജൂൺ 15 ന് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏകദേശം 3.1 ബില്യൺ യുഎസ് ഡോളറിന്റെ ഡീലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവയ്ക്കുന്നത്.

അടുത്ത അടുത്ത ആറ് മുതൽ ഏഴ് വർഷത്തിനുള്ളില്‍ ഡ്രോണ്‍ നിർമ്മാതാക്കളായ ജനറൽ ആറ്റോമിക്സ് (ജിഎ) ഇന്ത്യയിലെത്തി ഡ്രോണുകള്‍ അസംബിള്‍ ചെയ്യും. ദീർഘദൂര നിരീക്ഷണത്തിലും കൃത്യതയാർന്ന പ്രഹരശേഷിയിലും ചെെനയുടെ Cai Hong-4, Wing Loong-II ഡ്രോണുകളേക്കാളും, പാക്കിസ്ഥാന്റെ MQ-9B ഡ്രോണുകളേക്കാളും മികവുള്ള ഡ്രോണ്‍ സംവിധാനമാണ് യുഎസില്‍ നിന്ന് ഇന്ത്യ ശേഖരിക്കുന്നത്.

യുദ്ധവിമാനത്തിന്റെ വലുപ്പമുള്ള MQ-9B ഡ്രോണുകൾ 40,000 അടിയിൽ കൂടുതൽ ഉയരത്തിൽ 40 മണിക്കൂർ പറക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇന്റലിജൻസ് നിരീക്ഷണം, രഹസ്യാന്വേഷണം തുടങ്ങിയ ദൗത്യങ്ങൾക്കായി ഹെൽഫയർ എയർ-ടു ഗ്രൗണ്ട് മിസൈലുകളടക്കം സജ്ജീകരിച്ചിട്ടുള്ള ഡ്രോണുകളാണ് ഇന്ത്യ സ്വന്തമാക്കുന്നത്.