
ന്യൂഡല്‍ഹി: ഇന്ത്യാ-കാനഡ തര്‍ക്കം തുടരുന്നതിനിടയില്‍ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെതിരേ ഇന്ത്യ അനേകം വിവരങ്ങള്‍ പുറത്തുവിട്ടു. ഭീകരവാദം, ആയുധക്കടത്ത്, ഭീകരതയ്ക്ക് പണം നല്‍കല്‍ തുടങ്ങിയ അനേകം കുറ്റകൃത്യങ്ങളില്‍ ഇന്ത്യ പേര് ചേര്‍ത്തിട്ടുള്ള നിജ്ജാറിനെതിരേ കാനഡ എടുത്തിട്ടുള്ള ഏക നടപടി അയാളെ ‘നോ ഫ്‌ളൈ ലിസ്റ്റി’ ല്‍ ഉള്‍പ്പെടുത്തിയതു മാത്രം. കൊലപാതകത്തിന്റെയും ഭീകരപ്രവര്‍ത്തനത്തിന്റെയും ഡസന്‍ കണക്കിനുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ ഇന്ത്യ പങ്കുവെച്ചതിന് പിന്നാലെ 2017-18 ലായിരുന്നു സംഭവം.
രഹസ്യാന്വേഷണ വിഭാഗം നല്‍കിയ ഈ ഫയലുകളുടെ അടിസ്ഥാനത്തില്‍ 2014 ല്‍ നിജ്ജാറിനെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. നിജ്ജാര്‍ കാനഡയില്‍ ഗുരുദ്വാരാ രാഷ്ട്രീയത്തില്‍ ഇടപെട്ടത്തിന്റെയും കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിച്ചതിന്റെയും വിവരങ്ങള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കൈമാറിയ ഫയലില്‍ ഉണ്ടായിരുന്നതായിട്ടാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം കനേഡിയന്‍ പൗരത്വത്തിന് ഇയാള്‍ അപേക്ഷ സമര്‍പ്പിച്ചത് റെഡ് കോര്‍ണര്‍ നോട്ടീസില്‍ നിന്നും ഇന്ത്യയിലേക്ക് കാനഡ നാടുകടത്തുന്നതില്‍ നിന്നും ഒഴിവാകാന്‍ വേണ്ടിയായിരുന്നോ എന്ന് വ്യക്തമല്ല.
2021 ല്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയുടെ പ്രസിഡന്റു സ്ഥാനം പിടിച്ചെടുത്തതായി നിജ്ജാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനായി അന്ന് അവിടെ പ്രസിഡന്റായ രഘുബീര്‍ സിങ് നിജ്ജാറുമായി വഴക്കിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നിജ്ജാർ പിന്നീട് ഗുരുദ്വാരയെ ഖലിസ്ഥാന്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയും കനേഡിയന്‍ സിഖ് സമൂഹത്തെ മൗലീകവാദികളാക്കി മാറ്റുകയും ചെയ്തു.
ഖലിസ്ഥാന്റെ പഴയ കമാന്റോ ഫോഴ്‌സിലെ അംഗമായ ഗുരുദീപ് സിങ്, 1980 കള്‍ക്കും 1990 കള്‍ക്കും ഇടയില്‍ 200 കൊലപാതകങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള ദീപാ ഹരേന്‍വാല എന്നിവരുമായും ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ ജഗത്താര്‍ സിങ് താര, അന്താരാഷ്ട്ര ഭീകരന്‍ ബാബര്‍ ഖല്‍സാ എന്നിവരുമായും 2012 ല്‍ പാക്കിസ്ഥാനിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
സന്ദര്‍ശനത്തില്‍ നിജ്ജാറിന് ആയുധങ്ങളും മറ്റും താര കൈമാറിയിരുന്നു. 2013 ല്‍ താര നിജ്ജാറിനെ പരിശീലിപ്പിക്കാനായി അമേരിക്കക്കാരനായ ഹാര്‍ജത്ത് സിങ്ങിനെ കാനഡയിലേക്ക് അയച്ചിരുന്നു. ജിപിഎസ് ഉപകണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാണ് പരിശീലനം നൽകിയത്. ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നിജ്ജാര്‍ കാനഡയില്‍ നിന്നും പണം നല്‍കുകയും ചെയ്തിരുന്നു. 10 ലക്ഷം പാക്കിസ്ഥാന്‍ കറന്‍സി നിജ്ജാര്‍ പാക്കിസ്ഥാനിലേക്ക് അയച്ചു. പഞ്ചാബില്‍ ഭീകരാക്രമണം നടത്താനുള്ള താരയുടെ പദ്ധതി നടപ്പിലാക്കാന്‍ കാനഡയില്‍ നിജ്ജാര്‍ സംഘത്തെ രൂപീകരിക്കുകയും ബ്രിട്ടീഷ് കൊളംബിയയില്‍ 2015 ഡിസംബറില്‍ ആയുധ പരിശീലനത്തിന് ഇവരെ അയയ്ക്കുകയും ചെയ്തു.
താരയുടെ നിര്‍ദേശപ്രകാരം ഹരിയാന സിസ്രയിലെ ദേരാ സച്ചാ സൗദാ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഒരു ഭീകരാക്രമണം നടത്താന്‍ 2014 ല്‍ നിജ്ജാര്‍ പദ്ധതി തയ്യാറാക്കി. എന്നാൽ ഇന്ത്യന്‍ വിസ കിട്ടാതിരുന്നതിനാല്‍ നിജ്ജാറിന് അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. 2015 ല്‍ കാനഡതാരയെ ഇന്ത്യയിലേക്ക് നാടുകടത്തിയതിനെ തുടര്‍ന്ന് നിജ്ജാര്‍ കെടിഎഫിന്റെ ഓപ്പറേഷന്‍ തലവന്‍ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. നിജ്ജാറിനെതിരേ എന്‍ഐഎ അനേകം കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പഞ്ചാബ് അടിസ്ഥാനമാക്കിയുള്ള ഗ്യാംഗ്‌സ്റ്റര്‍ അര്‍ഷദീപ് സിങ് ഗില്ലിനൊപ്പവും നിജ്ജാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചാബിലെ പല ഭീകരപ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ് ഇയാള്‍. 2020 ല്‍ തന്റെ ശത്രുവായ മനോഹര്‍ ലാല്‍ അറോറയെയും മകന്‍ ജീതന്ദര്‍ ബീര്‍ സിങ് അറോറയേയും കൊലപ്പെടുത്താന്‍ നിജ്ജാര്‍ അര്‍ഷ്ദീപിനോട് ആവശ്യപ്പെട്ടിരുന്നു. 2020 നവംബര്‍ 20 ന് ഇവര്‍ക്കെതിരേ നടന്ന ആക്രമണത്തില്‍ മനോഹര്‍ലാല അറോറ വെടിയേറ്റ് മരിച്ചെങ്കിലും മകന്‍ ജീതേന്ദര്‍ ബീര്‍ സിങ് രക്ഷപ്പെട്ടു. ഈ കൊലപാതകത്തിന് നിജ്ജര്‍ കാനഡയില്‍ നിന്നുമാണ് പണം അയച്ചത്. 2021 ല്‍ നിജ്ജര്‍ ഭര്‍സിങ് പുര എന്ന പുരോഹിതനെ കൊല്ലാനും അര്‍ഷ്ദീപിന് ക്വട്ടേഷന്‍ നല്‍കി. എന്നാല്‍ പുരോഹിതന്‍ രക്ഷപ്പെട്ടു.
ജലന്ധറിലെ ഭര്‍ സിംഗ് പുര ഗ്രാമത്തില്‍ വെച്ച് നിജ്ജാര്‍ മറ്റൊരു ഗ്യാംഗ്‌സ്റ്റര്‍ ഗുര്‍നേക് സിങ് നേകയുമായി പരിചയപ്പെട്ടു. 1997 ല്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് നിജ്ജാര്‍ കാനഡയിലേക്ക് കുടിയേറിയത്. ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ വിചാരണ ചെയ്യുമെന്ന് ഭയന്ന് നിജ്ജാര്‍ കാനഡയില്‍ അഭയാര്‍ത്ഥിയാകാനുള്ള ശ്രമം നടത്തിയെങ്കിലും കെട്ടിച്ചമച്ച കഥയെന്ന് ആരോപിച്ച് കാനഡ അത് തള്ളിയിരുന്നു. എന്നാല്‍ 11 ദിവസം കഴിഞ്ഞപ്പോള്‍ ഒരു യുവതിയുമായി ബന്ധപ്പെട്ട വിവാഹ കരാര്‍ ഉപയോഗിച്ച് കുടിയേറ്റം നടത്താൻ ശ്രമം നടത്തി. 1997 ല്‍ ഈ സ്ത്രീയുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ളത് മറ്റൊരു ആളാണെന്ന് പറഞ്ഞ് അപേക്ഷ തള്ളി. ഇതിനെതിരേ കാനഡയിലെ കോടതിയെ സമീപിച്ച നിജ്ജര്‍ അനുകൂല വിധി വാങ്ങിയെടുക്കുകയായിരുന്നു.