ന്യൂഡൽഹി∙ കേരളത്തില്‍ നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍നിന്നു ആന്റിബോഡി എത്തിക്കാൻ ഐസിഎംആര്‍. 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി വാങ്ങുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബാല്‍ അറിയിച്ചു. 2018 ല്‍ ആദ്യമായി നിപ്പ റിപ്പോര്‍ട്ട് ചെയ്ത ഘട്ടത്തില്‍ ആന്റിബോഡി വാങ്ങിയിരുന്നുവെങ്കിലും പത്ത് രോഗികള്‍ക്ക് നല്‍കാനുള്ള മരുന്ന് മാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
‘‘അടിയന്തര ഘട്ടത്തിൽ പ്രത്യേക അനുമതിയോടെ മാത്രം നല്‍കുന്ന മരുന്നാണ് മോണോക്ലോണല്‍ ആന്റിബോഡി. ഇന്ത്യയ്ക്ക് പുറത്ത് മൊണൊക്ലോണൽ ആന്റിബോഡി ഇതുവരെ 14 പേർക്ക് നൽകുകയും അവർ രോഗമുക്തി നേടുകയും ചെയ്തു. നിപ്പ വൈറസ് ബാധിച്ചവരുടെ മരണനിരക്ക് കോവിഡിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കോവിഡ് മരണനിരക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണെങ്കില്‍ 40 മുതല്‍ 70 ശതമാനം വരെയാണ് നിപ്പ ബാധിതരുടെ മരണനിരക്ക്.”
വവ്വാലുകളിൽ നിന്ന് രോഗം മനുഷ്യരിേലക്ക് പടർന്നതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല. മഴക്കാലത്താണ് വ്യാപനം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.