
ന്യൂഡൽഹി: പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റത്തിനെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. ഇന്ത്യ അടക്കമുള്ള 145 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതു.
ഏഴ് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. യുഎസ്, കാനഡ, ഹംഗറി, ഇസ്രായേൽ, മാർഷൽ ദ്വീപുകൾ, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, നൗറു എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. 18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ പലസ്തീൻ പ്രദേശത്തും അധിനിവേശ സിറിയൻ ഗോലനിലും അനധികൃത കുടിയേറ്റ പ്രവർത്തനങ്ങളെ അപലപിച്ചുകൊണ്ടുള്ള പ്രമേയം വ്യാഴാഴ്ച അംഗീകരിച്ചു.
നേരത്തെ ഇസ്രയേൽ – പാലസ്തീൻ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ കൊണ്ടുവന്ന പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. എന്നാൽ ഹമാസിനെ അപലപിച്ചും ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും അവതരിപ്പിച്ച മറ്റൊരു പ്രമേയത്തിൽ ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.










