നിജ്ജാറിന്റെ കൊലപാതകം: യുഎസ് നിലപാടില്‍ ഇന്ത്യയ്ക്കുള്ള അതൃപ്തി അറിയിക്കും, ഖാലിസ്ഥാനെ പൂട്ടാന്‍ പഞ്ചാബില്‍ 48 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: കനേഡിയൻ പൗരനായ ഖലിസ്ഥാന്‍വാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ ഇടപെടലുണ്ടായി എന്ന കാനഡയുടെ ആരോപണത്തെ പിന്തുണയ്ക്കുന്ന യുഎസ് നിലപാടില്‍ ഇന്ത്യയ്ക്ക് അതൃപ്തി .ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ള വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഇന്ത്യ ഔദ്യോഗികമായി തന്നെ എതിര്‍പ്പ് അറിയിച്ചേക്കും. നിലവില്‍ ഇന്ത്യ – യുഎസ് ബന്ധം വളരെ ശക്തമായിരുന്നു. ചൈന യുഎസിന്റെ പ്രധാന എതിരാളിയായിരിക്കെ ഇന്ത്യയെ പൂര്‍ണമായും തളളാന്‍ യുഎസിന് ആവുകയുമില്ല.

നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന രഹസ്യവിവരം കാനഡയ്ക്ക് യുഎസ് കൈമാറിയിരുന്നു എന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊലപാതകം സംബന്ധിച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ സംഭാഷണമാണ് കാനഡയുടെ രഹസ്യാന്വേഷണ ഏജന്‍സി തെളിവായി പറയുന്നത്. എന്നാല്‍ ഈ തെളിവിനെ സാധൂകരിക്കുന്നത് യുഎസ് നല്‍കിയ രഹസ്യ വിവരങ്ങളാണ്. നിജ്ജാറിന്റെ മരണം സംബന്ധിച്ച് വിശ്വസനീയമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കാനഡ പ്രതിരോധ മ ന്ത്രി ബില്‍ ബ്ളെയര്‍ വ്യക്തമാക്കുകയും ചെയ്തു.

കാനഡയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ചുകൊണ്ട് യുഎസ് വിദേശകാര്യ മന്ത്രി ആൻ്റണി ബ്ളിന്‍കന്‍ ( സെക്രട്ടറി ഓഫ് സ്റ്റേറ്റ്) കഴിഞ്ഞദിവസം പ്രസ്താവന നടത്തിയിരുന്നു.

“ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. കാനഡയുടെ പ്രധാനമന്ത്രി ഇയര്‍ത്തിയ ആരോപണങ്ങളില്‍ യുഎസിന് വലിയ ഉത്കണ്ഠയുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണം” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്ക കാന‍ഡയുമായി ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും ആലോചനകള്‍ക്ക് അപ്പുറം കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ അമേരിക്ക കാനഡയുടെ കൂടെയുണ്ടെന്നും ബ്ളിന്‍കന്‍ പറഞ്ഞു. ഇതോടെ അമേരിക്ക കാനഡയെ പൂര്‍ണമായി പിന്തുണയ്ക്കുന്നു എന്ന് വ്യക്തമായിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഉറച്ച നിലപാടിലാണ്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് കാനഡ നടത്തുന്നതെന്ന് ഇന്ത്യ ആരോപിക്കുന്നു. ഒപ്പം ഖലിസ്ഥാന്‍വാദികള്‍ക്കെതിരെ അതിശക്തമായ നീക്കമാണ് ഇന്ത്യ നടത്തുന്നത്.

ഇന്ത്യയ്ക്ക് പുറത്തു കഴിയുന്ന ഖലിസ്ഥാന്‍ വാദികളുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാനും ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ഷിപ് കാര്‍ഡുകള്‍( ഒസിഐ) റദ്ദാക്കാനും ഇന്ത്യ നടപടികള്‍ തുടങ്ങി. ഖലിസ്ഥാന്‍വാദി ഗുര്‍പട് വന്ത് സിങ് പന്നുവിന്റെ സ്വത്ത് കട്ടുകെട്ടിയതിനു പിന്നാലെ മറ്റ് 19 പേരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. ഒസിഐ കാര്‍ഡുകള്‍ റദ്ദാക്കിയാല്‍ ഇവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ സാധിക്കില്ല. നീക്കം നടക്കുന്നു എന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

ഇന്ന് പഞ്ചാബിലെ 48 ഇടങ്ങളില്‍എന്‍ഐഎ റെയ്ഡ് നടത്തിയിട്ടുണ്ട്. ഇന്ത്യയെ തകര്‍ക്കാനുള്ള ഖലിസ്ഥാന്‍ വാദികളുടെ ഒരു ശ്രമവും വച്ചുപൊറുപ്പിക്കില്ല എന്ന കടുത്ത നിലപാടിലാണ് ഇന്ത്യ. അതേ സമയം ആകെ കലുഷിതമായ അന്തരീക്ഷത്തില്‍ ഇന്ത്യ – കാനഡ ബന്ധം സുഗമമായി നിലനിര്‍ത്തണമെന്നും ഒരുപാട് ഇന്ത്യക്കാര്‍ കാനഡയില്‍ ആശങ്കയിലാണെന്നും പഞ്ചാബില്‍നിന്നുളള വിവധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്ര തിനിധികള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നിയമം അനുസരിച്ച്, ഒസിഐ കാര്‍ഡ് ഉള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ ആജീവനാന്ത വീസ ലഭിക്കും. ഇന്ത്യയില്‍ സ്വത്ത് വാങ്ങാനും വില്‍ക്കാനും കഴിയും. ഈ കാര്‍ഡ് റദ്ദാക്കുന്നതോടെ ഖലിസ്ഥാന്‍ വാദികള്‍ക്ക് ഇന്ത്യയില്‍ വന്ന് പ്രവര്‍ത്തിക്കാനാവില്ല. കാനഡ, യുകെ, യുഎസ്. ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, യുഎഇ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യ ഇറക്കിയിരിക്കുന്ന ഖലിസ്ഥാന്‍ തീവ്രവാദി പട്ടികയിലുള്ളവര്‍ കഴിയുന്നത്.

More Stories from this section

family-dental
witywide