ന്യൂഡൽഹി: മിഡിൽ ഈസ്റ്റിനെ ഇന്ത്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്നതിന് ഒരു പ്രധാന റെയിൽവേ, തുറമുഖ പദ്ധതി ആരംഭിക്കുന്നതിന്, ജി20 ഉച്ചകോടിയിൽ യുഎസും സൗദി അറേബ്യയും മറ്റു രാജ്യങ്ങളും പുതിയ കരാർ.
ഇന്ത്യയിൽ നിന്ന് മിഡിൽ ഈസ്റ്റ് മാർഗം യൂറോപ്പിലേക്ക് വാണിജ്യം, ഊർജ്ജം, ഡാറ്റ എന്നിവയുടെ ഒഴുക്ക് സാധ്യമാക്കുന്ന ഒരു ഷിപ്പിംഗ്, റെയിൽ ഗതാഗതം (പ്രോജക്റ്റ്) സ്ഥീപിക്കുന്നതിനായി ഒരു ധാരണാപത്രം ഒപ്പുവെക്കുമെന്ന് യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ഫിനർ പറഞ്ഞു.
സൗദി അറേബ്യയും ഇന്ത്യയും കൂടാതെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സും യൂറോപ്യൻ യൂണിയനും പദ്ധതിയിൽ പ്രധാന പങ്കാളികളാകുമെന്ന് ഫൈനർ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ 18 മാസമായി നടന്ന I2U2 എന്ന ഫോറത്തിൽ യുഎസ്, ഇസ്രായേൽ, യുഎഇ, ഇന്ത്യ എന്നിവ ഉൾപ്പെടുന്ന രാജ്യങ്ങൾ ചേർന്ന് നടത്തിയ ചർച്ചയിലാണ് ഈ പദ്ധതിയുടെ ആശയം ഉണ്ടായതെന്നാണ് റിപ്പോർട്ട്. മിഡിൽ ഈസ്റ്റിലെ സ്ട്രാറ്റജിക് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ ചർച്ച ചെയ്യുന്നതിനും ഈ മേഖലയിൽ ബെയ്ജിംഗിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിന് എതിരായി പ്രവർത്തിക്കുന്നതിനുമായി 2021 അവസാനത്തിലാണ് ഫോറം സ്ഥാപിതമായത്.
കഴിഞ്ഞ വർഷം നടന്ന I2U2 ഫോറത്തിൽ ഈ മേഖലകളിലെ റെയിൽവേ വഴി ബന്ധിപ്പിക്കുക എന്ന ആശയം ഇസ്രായേലാണ് ഉന്നയിച്ചത്. അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഇന്ത്യയുടെ വൈദഗ്ധ്യം ഉപയോഗിക്കുകയെന്നതാണ് ആശയത്തിന്റെ ഭാഗമെന്ന് വൃത്തങ്ങൾ പറഞ്ഞു. സൗദി അറേബ്യയുടെ പങ്കാളിത്തം ഉൾപ്പെടുത്താനുള്ള ആശയം ബൈഡൻ ഭരണകൂടം വിപുലീകരിച്ചതായും റിപ്പോർട്ടുണ്ട്.