ന്യൂഡല്‍ഹി: എഎഫ്‍സി ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇഗോർ സ്റ്റിമാക് ജ്യോതിഷിയുടെ സഹായം തേടിയെന്ന് വിവരം. ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ജ്യോതിഷിയുടെ ഉപദേശപ്രകാരം രണ്ട് പ്രധാന താരങ്ങളെ ടീമിന് പുറത്തിരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ടീമിൽ ഇടം നേടണമെങ്കിൽ ഫിറ്റ്‌നസും പ്രകടനവും മാത്രമല്ല, കളിക്കാരുടെ ഗ്രഹനില കൂടി നല്ലതാകണം എന്ന നില യിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.
2022 ജൂണിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ രണ്ട് പ്രധാന താരങ്ങളെ ടീമിന് പുറത്തിരുത്തി.അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിനുള്ള ടീമിനെ, ഡൽഹി സ്വദേശിയായ ജ്യോതിഷി ഭൂപേഷ് ശർമയുടെ ഉപദേശപ്രകാരമാണ് കോച്ച് ഇഗോർ സ്റ്റിമാക് തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്. 2022 മേയിൽ ഇരുവരെയും പരസ്പരം പരിചയപ്പെടുത്തിയതായി എഐഎഫ്എഫ് സെക്രട്ടറി ജനറൽ കുശാൽ ദാസ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
ഇതിനായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വൻ തുകയാണ് നൽകിയത്. രണ്ട് മാസത്തെ സേവനത്തിന് ഭൂപേഷ് ശർമ 12 മുതൽ 15 ലക്ഷം രൂപ വരെ കൈപ്പറ്റിയതായി കുശാൽ ദാസ് വെളിപ്പെടുത്തി. ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയപ്പോൾ അതൊരു വലിയ തുകയായി തോന്നിയില്ലെന്നും കുശാൽ ദാസ് പറഞ്ഞു.
അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് താരങ്ങളുടെ പട്ടിക സ്റ്റിമാക്ക് ജ്യോതിഷിക്ക് കൈമാറുകയായിരുന്നു. ജൂൺ 11ന് നടക്കേണ്ട മത്സരത്തിനായി താരങ്ങളുടെ പേരുകൾ ഒൻപതിനാണ് കൈമാറിയത്. പരുക്കുകളോടെ വലയുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് ടൂർണമെന്റിൽ തുടരണമെങ്കിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരം ജയിച്ചേ മതിയാകുമായിരുന്നുള്ളൂ. പട്ടിക ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ, ഓരോ കളിക്കാരന്റെയും പേരിന് നേരെ തന്റെ അഭിപ്രായം ജ്യോതിഷി മറുപടി അയച്ചു.”നല്ലത്”, “വളരെ നന്നായി ചെയ്യാൻ കഴിയും” എന്നിങ്ങനെയുള്ള പരാമർശങ്ങളോടെയായിരുന്നു ഓരോ കളിക്കാരന്റെയും പേരിന് നേരെ ജ്യോതിഷിയുടെ പ്രവചനം. ”അമിത ആത്മവിശ്വാസം ഒഴിവാക്കേണ്ടതുണ്ട്”, “ശരാശരിക്ക് താഴെയുള്ള ദിവസം”, “വളരെ നല്ല ദിവസം, പക്ഷേ ആക്രമണോത്സുകത കൈവരിച്ചേക്കാം”, “ഇന്ന് കളിപ്പിക്കരുത്”, തുടങ്ങിയ ‘ഉപദേശങ്ങളും’ ജ്യോതിഷി നൽകി.
ജ്യോതിഷിയുടെ ഉപദേശ പ്രകാരം രണ്ട് പ്രധാന താരങ്ങളെ ടീമിൽനിന്ന് ഒഴിവാക്കിയെന്നും ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. അന്ന് അഫ്ഗാനിസ്ഥാനെതിരായ മത്സരം ഇന്ത്യ 2–1നാണ് ജയിച്ചത്. ഇത് കൂടാതെ കഴിഞ്ഞവർഷം പല മത്സരങ്ങളിലും ടീം സെലക്ഷന് ജ്യോതിഷിയുടെ സഹായം തേടുകയും ഗ്രഹങ്ങളുടെയും രാശികളുടെയും അടിസ്ഥാനത്തിലാണ് ടീമിൽ കളിക്കാർക്ക് ഇടം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
2022 മെയ്, ജൂൺ മാസങ്ങളിൽ ഇന്ത്യൻ ടീം നാല് മത്സരങ്ങൾ കളിച്ചു. ജോർദാനെതിരെയുള്ള ഒരു സൗഹൃദ മത്സരവും കംബോഡിയ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നിവയ്‌ക്കെതിരായ മൂന്ന് ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഓരോ മത്സരത്തിന് മുൻപും ജ്യോതിഷിയുമായി സ്റ്റിമാക് കളിക്കാരുടെ ലിസ്റ്റ് പങ്കുവച്ചിരുന്നതായാണ് റിപ്പോർട്ട്. താരങ്ങളുടെ പരുക്ക്, സബ്സ്റ്റിറ്റ്യൂഷൻ തന്ത്രങ്ങൾ എന്നിവയിലും ജ്യോതിഷിയുടെ ഇടപെടലുണ്ടായെന്നാണ് വിവരം.
ജൂൺ എട്ടിനും 14 നും ഇടയിൽ നടന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുൻപ് ഇരുവരും കൊൽക്കത്തയിലും കണ്ടുമുട്ടി. ചാർട്ടുകൾ പ്രകാരം ഈ മാച്ച് പ്ലെയർ വിശകലനം എത്രത്തോളം ശരിയായിരുന്നുെവന്ന് അറിയിക്കാൻ ജ്യോതിഷി സ്റ്റിമാക്കിനോട് ആവശ്യപ്പെട്ടു. എല്ലാം കൃത്യമായിരുന്നുവെന്നും നേരിൽ കാണുമ്പോൾ വിശദീകരിക്കാമെന്നുമായിരുന്നു സ്റ്റിമാക്കിന്റെ മറുപടി.
അതേസമയം, വിഷയത്തിൽ ജ്യോതിഷി ഭൂപേഷ് ശർമയുടെ പ്രതികരണം ലഭ്യമായിട്ടില്ലെന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നത്. പ്രതികരണം തേടി നിരവധി തവണ വിളിച്ചെങ്കിലും കോൾ സ്വീകരിച്ചില്ല. സന്ദേശങ്ങളോടും പ്രതികരിച്ചില്ല. ജ്യോതിഷസംബന്ധമായ ഉപദേശങ്ങൾക്കായി നിരവധി ടെലികോം കമ്പനികളും ബോളിവുഡ് സെലിബ്രിറ്റികളും ആശ്രയിക്കുന്നയാളാണ് ഭൂപേഷ് ശർമ.