ഇന്ത്യയില്‍ ലാപ്ടോപ്പ് ഇറക്കുമതിക്ക് നിയന്ത്രണം; ഇനി ഒരോ മോഡലിലും പ്രത്യേക ലൈസന്‍സ്

‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് ഊർജമേകാന്‍ രാജ്യത്ത് ലാപ്‌ടോപ്പുകളക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യന്‍ സർക്കാർ. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയ്ക്ക് ഇറക്കുമതി നിയന്ത്രണം ബാധകമാകുമെന്ന് അറിയിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനം പുറപ്പെടുവിച്ചു.

പ്രത്യേക ലൈസൻസ് ഉണ്ടെങ്കില്‍ മാത്രമേ ഇനിമുതല്‍ കമ്പനികൾക്ക് ഇറക്കുമതി സാധ്യമാകൂ എന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഓരോ മോഡലിനും പ്രത്യേകമായി ലെെസന്‍സ് ആവശ്യമാണ്. ക്യാപിറ്റൽ ഗുഡ്‌സ് വിഭാഗത്തിൽ പെടുന്ന ചില പ്രത്യേക പിസികൾക്ക് മാത്രം ഇതില്‍ ഇളവുണ്ടാകും. അതേസമയം, വിജ്ഞാപനത്തിന് മുൻപ് കമ്പനികൾ പ്രീ ഓർഡർ ചെയ്ത കംപ്യൂട്ടറുകൾ ഓഗസ്റ്റ് 31 വരെ ലെെസന്‍സില്ലാതെ രാജ്യത്ത് എത്തിക്കാം.

ഇറക്കുമതിക്ക് മുൻകൂർ അനുമതി ആവശ്യമാണെന്നതിനാല്‍ ഹ്രസ്വകാലത്തേക്ക് വിപണിയിൽ ഈ ഉപകരണങ്ങളുടെ ലഭ്യതക്കുറവുണ്ടാകാം. സമാന്തരമായി ഇന്ത്യന്‍ വിപണിയില്‍ ചില ബ്രാന്‍ഡുകളില്‍ വില വർദ്ധനവിനും സാധ്യതയുണ്ട്.

ഇറക്കുമതി കുറച്ച് ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്താനാണ് നിയന്ത്രണങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഉപകരണങ്ങള്‍ നിർമ്മിക്കുന്നതിന് ആവശ്യമായ ഡിവെെസ് പാർട്ടുകള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ തന്നെ അസംബ്ലി ചെയ്യാമെന്നും കേന്ദ്രസർക്കാർ കമ്പനികൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം, വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് ഈ ഉപകരണങ്ങള്‍ അവരുടെ ബാഗേജിൽ രാജ്യത്തേക്ക് കൊണ്ടുവരാന്‍ നിയന്ത്രണം ബാധകമല്ല.

റിപ്പോർട്ടുകള്‍ പ്രകാരം, ഇന്ത്യന്‍ വിപണിയിലുള്ള ലാപ്‌ടോപ്പുകളില്‍ ഏകദേശം 30 ശതമാനവും 2021-ല്‍ പ്രാദേശികമായി നിർമ്മിച്ചവയാണ്. ടാബ്‌ലെറ്റുകളുടെ ആഭ്യന്തര ഉത്പാദനവും സമാനമാണ്. എച്ച്പിയും ഡെല്ലുമാണ് വിപണിയിലെ പ്രമുഖർ. കഴിഞ്ഞ രണ്ട് വർഷങ്ങളായി സ്മാർട്ട് ഫോണുകളുടെ ആഭ്യന്തര നിർമ്മാണം വർദ്ധിച്ചതും സർക്കാരിന് പ്രതീക്ഷ നല്‍കുന്നു. ലാപ്ടോപ്പുകളുടെ ഉത്പാദനത്തിലും ഈ വളർച്ച കണ്ടെത്താമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.

More Stories from this section

family-dental
witywide