കാനഡയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

ഒട്ടാവ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് മരിച്ചു. വീടിന്റെ ഗാരേജില്‍ കാര്‍ സ്റ്റാര്‍ട്ട് ആക്കി നിര്‍ത്തിയപ്പോഴുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡാണ് 25 കാരന്റെ ജീവനെടുത്തത്.

ചൊവ്വാഴ്ച പുലര്‍ച്ചെ കിച്ചനര്‍ നഗരത്തിലെ ഒരു വീട്ടില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടായെന്ന അടിയന്തര സന്ദേശം ലഭിച്ച പൊലീസ് കണ്ടെത്തിയത് ഗ്യാരേജില്‍ സ്റ്റാർട്ടായി നിൽക്കുന്ന വാഹനത്തില്‍ നിന്നും വിഷവാതകം വമിക്കുന്നതാണ്. വാട്ടര്‍ലൂ റീജണല്‍ പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടിലെ ഏഴുപേര്‍ക്ക് വിഷബാധ ഏറ്റെന്നു കണ്ടെത്തി. തുടര്‍ന്ന് എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ത്യയില്‍ നിന്ന് അടുത്തിടെ ബിരുദം നേടിയ ഒരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയാണ് ഇരയെന്ന് കുടുംബ സുഹൃത്തായ ഡോണ്‍ പട്ടേല്‍ പറഞ്ഞതായി സിടിവി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥിയുടെ കുടുംബം ഇന്ത്യയില്‍ത്തന്നെയാണ്. വിദ്യാര്‍ത്ഥിയാണ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ ആദ്യം എഴുന്നേറ്റതെന്ന് പട്ടേല്‍ പറഞ്ഞു. എന്തോ ശബ്ദം കേട്ടിട്ട് ഗാരേജിന്റെ വാതില്‍ തുറന്നു, വമിച്ച വിഷവാതകം ശ്വസിച്ചതോടെ അവിടെത്തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. ബന്ധുക്കള്‍ മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായം തേടിയിട്ടുണ്ടെന്നും പട്ടേല്‍ അറിയിച്ചു.

More Stories from this section

family-dental
witywide