
അമൃത്സർ: തന്റെ ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാൻ പാക്കിസ്ഥാനിലേക്ക് പോയ രണ്ട് കുട്ടികളുടെ അമ്മയായ അഞ്ജു എന്ന യുവതി ബുധനാഴ്ച വാഗാ-അട്ടാരി അതിർത്തി വഴി ഇന്ത്യയിൽ തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചു.
34 കാരിയായ അഞ്ജു എന്ന ഫാത്തിമ, മക്കളെ ഇന്ത്യയിൽ ഉപേക്ഷിച്ച് തന്റെ ഫേസ്ബുക്ക് സുഹൃത്തായ നസ്‌റുല്ലയെ വിവാഹം കഴിക്കാൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഒരു വിദൂര ഗ്രാമത്തിലേക്ക് പോയിരുന്നു.
അഞ്ജുവിന്റെ 29 കാരനായ പാകിസ്ഥാനി ഭർത്താവും വാഗാ അതിർത്തി വരെ അഞ്ജുവിനെ അനുഗമിച്ചു.
ഇന്ത്യയിലെത്തിയ അഞ്ജുവിന് മാധ്യമങ്ങളുമായി സംവദിക്കാൻ അനുമതിയില്ല. ഉടൻ തന്നെ ഡൽഹിയിലേക്കുള്ള വിമാനം പിടിക്കാൻ അഞ്ജു വിമാനത്താവളത്തിലേക്ക് പോയി.
നസ്റുല്ലയെ വിവാഹം കഴിക്കാനായി അഞ്ജു ഇസ്‍ലാം മതം സ്വീകരിച്ച് പേര് ഫാത്തിമ എന്നാക്കിയിരുന്നു. ജൂലൈ മുതൽ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പാക്കിസ്ഥാനിലെത്തിയ ഉടൻ അഞ്ജു സുഹൃത്ത് മാത്രമാണെന്നും വിവാഹം കഴിക്കാൻ പദ്ധതിയില്ലെന്നുമായിരുന്നു നസ്റുല്ല ആദ്യം പറഞ്ഞത്. പിന്നീട് ഇരുവരും വിവാഹിതരാവുകയായിരുന്നു.
ആഗസ്റ്റിൽ പാക്കിസ്ഥാൻ അഞ്ജുവിന്റെ വിസ കാലാവധി ഒരുവർഷത്തേക്ക് നീട്ടുകയും ചെയ്തു. മക്കളെ പിരിഞ്ഞുകഴിയുന്നതിൽ ഭാര്യ വലിയ ദുഃഖം അനുഭവിക്കുന്നതായി ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നസ്റുല്ല പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി ശ്രമം നടത്തിയെങ്കിലും വിസാ പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞില്ല. ഒക്ടോബറിൽ മടങ്ങിയെത്താനിരുന്നെങ്കിലും വിസ ലഭിച്ചില്ല.