
ഒരു കാലത്ത് മലയാളികളുടെ സ്വപ്നഭൂമിയായിരുന്നു ഗൾഫ്. ഒരു ഗൾഫുകാരനെങ്കിലും ഇല്ലാത്ത മലയാളി വീട് ഉണ്ടായിരുന്നില്ല. ഇന്നു സാഹചര്യങ്ങൾ മാറി. ഗൾഫ് വാഗ്ദത്ത ഭൂമി അല്ലാതെ മാറി എന്നു മാത്രമല്ല അവിടെ മലയാളികൾ അനുഭവിക്കുന്ന തൊഴിൽ പ്രശ്നങ്ങൾ വളരെ വർധിച്ചു വരുന്നു.
ബഹ്റൈനിൽ വർ ഷങ്ങളായി ജോലി ചെയ്തിരുന്ന നഴ്സുമാരെ പിടിച്ച് ജയിലിട്ട സംഭവം ഒരു മാസം മുമ്പായിരുന്നു. ബിഎഡ് പോലുള്ള ഡിഗ്രികൾക്ക് അംഗീകാരമില്ലെന്ന് ആരോപിച്ച് അധ്യാപന ജോലി ചെയ്യുന്നവരേയും പിടിച്ച് ജയിലിട്ട സംഭവം ഈയിടെ ഉണ്ടായി.
ആയിരത്തിലധികം പരാതികളാണ് കഴിഞ്ഞ വർഷം ഒമാൻ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ലഭിച്ചത്. 2022-ൽ ഇന്ത്യൻ പൗരന്മാരായ തൊഴിലാളികളിൽ നിന്ന് 10,924 പരാതികളാണ് ഈ ആറ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾക്ക് ലഭിച്ചത്. ഒരു ദിവസം ശരാശരി 29 ഇന്ത്യക്കാർ ആണ് ഗൾഫിലെ തൊഴിൽ സാഹചര്യങ്ങളെപ്പറ്റി പരാതി ഉയർത്തുന്നത്.
ഏറ്റവുമധികം പരാതികൾ പാസ്പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ തൊഴിൽ ഉടമ പിടിച്ചുവയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ്. ശമ്പളം മുടങ്ങുക, ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാക്കുക എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് തൊട്ടുപിന്നിൽ.
ഈ ആറു ഗൾഫ് രാജ്യങ്ങളും പിന്തുടരുന്നത് ലിഖിതമല്ലാത്ത കഫാല എന്ന തൊഴിലാളി-തൊഴിലുടമ കരാർ ആണ്. പരാതികൾ കൂടുന്നതിനും, ഈ പരാതികൾ പലപ്പോഴും പരിഹരിക്കപ്പെടാതെ പോകുന്നതിനും പ്രധാന കാരണം ഈ കരാറിന്റെ ന്യൂനതകൾ തന്നെയാണ്. കഫാലയിൽ തൊഴിലാളിയെ തൊഴിലുടമയുടെ ‘അടിമയെ പോലെയാണ്’ കണക്കാക്കുന്നത് എന്നാണ് അന്താരാഷ്ട്ര തൊഴിലാളി സംഘടനകൾ പറയുന്നത്. തൊഴിലാളിയുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തീരുമാനിക്കുന്നത് തൊഴിൽ ഉടമ ആണ്. പാസ്‌പോർട്ട്, വിദ്യാഭാസ രേഖകൾ എന്നിവ തൊഴിലുടമ പിടിച്ചുവെച്ചിരിക്കുന്നത് കൊണ്ട് തൊഴിലുടമയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമായി ആയിരിക്കും തൊഴിലാളി തൊഴിൽ ചെയ്യേണ്ടി വരിക. ശമ്പള വിതരണത്തിൽ പോലും പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്.
മാസങ്ങൾക്ക് മുൻപ് ഒമാനിൽ മലയാളി വ്യവസായി നടത്തിയിരുന്ന ഒരു കമ്പനിയിൽ ശമ്പളം കിട്ടാതെ മലയാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ സമരം ആരംഭിച്ചു. ഉടമയായ മലയാളി തൊഴിലാളികളെ അനാഥരാക്കി കേരളത്തിലേക്ക് മടങ്ങി. എന്നാൽ, തൊഴിലാളികളാവട്ടെ ഇപ്പോഴും പ്രതീക്ഷയോടെ സമരം തുടരുകയാണ്.
എംബസികളെ ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതി നൽകുന്നവർ ആകെ പരാതിക്കാരിലെ ഒരു ന്യൂനപക്ഷം മാത്രമായിരിക്കും. യഥാർത്ഥ കണക്കുകൾ ഞെട്ടിക്കുന്നതാണ് എന്ന് ഉറപ്പാണ്.
എംബസികൾ നഗരത്തിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. തൊഴിലാളികൾ ദൂരെ മരുഭൂമിയിലോ മറ്റു ചെറിയ നഗരങ്ങളിലോ ആയിരിക്കും താമസവും ജോലിയും. അവർക്ക് എംബസിയിൽ എത്താൻ തന്നെ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളവർ മിക്കവരും പരാതിപ്പെടാതെ തൊഴിലുടമയുടെ കരുണയ്ക്കു വേണ്ടി ആഴ്ചകളും മാസങ്ങളും കാത്തിരിക്കും. പരാതിപ്പെട്ടാൽ തൊഴിലുടമയ്ക്കു ദേഷ്യമാകുമെന്നും അങ്ങനെ കിട്ടാനുള്ള ആനുകൂല്യം കൂടി നഷ്ടപ്പെടുമെന്നുമുള്ള ഭയവും തൊഴിലാളികളെ പരാതിപ്പെടുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നു.
മറ്റു ഗൾഫ് രാജ്യങ്ങളും ആയി താരതമ്യം ചെയ്യുമ്പോൾ യു എ ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ പരാതികളുടെ എണ്ണത്തിൽ വലിയ കുറവ് കാണാൻ സാധിക്കും. ഈ രണ്ടു രാജ്യങ്ങളും കഫാലയിൽ മാറ്റം വരുകയും ചില പുതിയ പുരോഗമന നിയമങ്ങൾ കൊണ്ട് വരികയും ചെയ്തിട്ടുണ്ട്. ആ മാറ്റം തൊഴിൽ മേഖലയിൽ ദൃശ്യമായി തുടങ്ങിയിട്ടുണ്ട്.കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമങ്ങൾ ഇല്ലാത്തതും ഉള്ള നിയമം പുതുക്കാത്തതും ആണ് ഇന്ത്യൻ തൊഴിലാളികൾ പ്രതിസന്ധിയിൽ ആകാൻ കാരണം.
ഇന്ത്യ ഇപ്പോഴും കുടിയേറ്റം നിയന്ത്രിക്കുന്നത് 1983 ലെ കുടിയേറ്റ നിയമം വെച്ചാണ്. കുടിയേറ്റത്തിന്റെ സ്വഭാവം ഈ കാലയളവിനുള്ളിൽ ഒരുപാട് മാറിയിട്ടുണ്ട്. ഇന്ത്യൻ സർക്കാർ 2019 നും 21നും ഇടയിൽ രണ്ടു തവണ ഈ നിയമം പുതുക്കാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.ആറു ഗൾഫ് രാജ്യങ്ങളിലും ലെബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലുമായി 90 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. അതിൽ ഭൂരിപക്ഷവും മലയാളികളാണ്. ഇന്ത്യക്കു വെളിയിൽ 1.3 കോടി ഇന്ത്യക്കാർ ആണ് തൊഴിൽ ചെയ്യുന്നത്. അതിൽ 90 ശതമാനവും സാധാരണ ഇന്ത്യൻ രൂപ ഇരുപതിനായിരത്തിനും മുപ്പതായിരത്തിനും ഇടയിൽ മാസശമ്പളത്തിന് പണിയെടുക്കുന്ന തൊഴിലാളികൾ ആണ്.
Indian workers in gulf region in crises