ആദിത്യ സൂര്യനടുത്തേക്ക് , ഭ്രമണപഥം ഉയര്‍ത്തി,19ന് ഭൂമിയുടെ ഭ്രമണപഥം വിടും

ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ 1 സൂര്യന് കൂടുതല്‍ അടുത്തേക്ക്. പേടകത്തിന്റെ നാലാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയകരമായി പുര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭ്രമണപഥമാറ്റം പൂര്‍ത്തിയാക്കിയത്. ഭൂമിയില്‍നിന്ന് കുറഞ്ഞദൂരം 256 കിലോമീറ്ററും കൂടിയദൂരം 121973 കിലോമീറ്ററും വരുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോഴുള്ളത്. ആദിത്യ എല്‍ 1ന്റെ സുപ്രധാന ഘട്ടമായ ട്രാന്‍സ് ലെഗ്രാഞ്ചിയന്‍ പോയിന്റ് ഇന്‍സേര്‍ഷന്‍ ( ഭൂമിയുടെ ഭ്രമണപഥം വിടല്‍) സെപ്റ്റംബര്‍ 19 നാണ് നിശ്ചയിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എല്‍ 1 വിഷേപിച്ചത്. പിന്നീട് സെപ്തംബര്‍ 3, 5, 10 തീയതികളിലായി ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയര്‍ത്തി പേടകത്തെ സൂര്യന് അടുത്തേക്ക് എത്തിക്കുകയായിരുന്നു. ഇതിലെ നാലാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഭൂമിയില്‍ നിന്ന് ഏകദേശം 15 കോടി കിലോമീറ്റര്‍ അകലെയാണ് സൂര്യന്‍ സ്ഥിതി ചെയ്യുന്നത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ ദൂരം മാത്രമാണ് ആദിത്യ എല്‍ 1 സഞ്ചരിക്കുക.