ഗൂഗിളില്‍ ഇന്ത്യ ഏറ്റവും അധികം തിരഞ്ഞത് ഈ പെണ്‍കുട്ടിയെ , ആദ്യ പത്തില്‍ ബാക്കി ആരെല്ലാം

ന്യൂഡല്‍ഹി : വിടപറയുന്ന 2023 ഇന്ത്യയെ ഗൂഗിളില്‍ ഏറ്റവും അധികം തവണ സെര്‍ച്ച് ചെയ്യിച്ചത് ആരെക്കുറിച്ചാണെന്ന് വെളിപ്പെടുത്താനുള്ള സമയമാണിത്. അത് കിയാര അദ്വാനിയല്ലാതെ മറ്റാരുമല്ല.

നിരവധി വിജയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തയായ ബോളിവുഡ് നടിയാണ് കിയാര അദ്വാനി. 2014ല്‍ ‘ഫഗ്ലി’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും 2016ല്‍ പുറത്തിറങ്ങിയ ‘എം.എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രത്തിലെ അഭിനയമാണ് കിയാരയെ പ്രശസ്തിയിലേക്ക് എത്തിച്ചത്.

ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായുള്ള വിവാഹമാണ് കിയാരയെത്തേടി നമ്മള്‍ ഇന്ത്യക്കാര്‍ പായാനുള്ള കാരണം. അഭിനയത്തിന് പുറമേ, നിരവധി ബ്രാന്‍ഡുകളുടെയും ഉല്‍പ്പന്നങ്ങളുടെയും അംബാസഡറായും ഈ 31 കാരി പ്രവര്‍ത്തിക്കുന്നു.

കിയാരക്കു പിന്നാലെ ഇന്ത്യക്കാരുടെ സെര്‍ച്ച് ലിസ്റ്റില്‍ ഇടംപിടിച്ചത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഗുജറാത്ത് ടൈറ്റന്‍സിനും ദേശീയ ടീമിനുമായി മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന ഇന്ത്യയുടെ ക്രിക്കറ്റ് സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്ലാണ്.

ഇതിഹാസ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡുമായും സച്ചിന്‍ ടെണ്ടുല്‍ക്കറുമായും ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ പരത്തിയ ഇന്ത്യന്‍ വംശജനായ ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം രച്ചിന്‍ രവീന്ദ്രയാണ് മൂന്നാം സ്ഥാനത്ത്.

2023 ഐസിസി ലോകകപ്പില്‍ ഉടനീളം തന്റെ അസാധാരണ പ്രകടനത്തിലൂടെ മായാത്ത മുദ്ര പതിപ്പിച്ച സ്റ്റാര്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിയാണ് നാലാം സ്ഥാനം നേടിയത്.

ബിഗ് ബോസ് ഒടിടിയുടെ രണ്ടാം സീസണിലെ വിജയിയും ജനപ്രിയ യൂട്യൂബറുമായ എല്‍വിഷ് യാദവാണ് അഞ്ചാ സ്ഥാനത്ത്. നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്വെല്‍, ഫുട്ബോള്‍ ഐക്കണ്‍ ഡേവിഡ് ബെക്കാം, ഇന്ത്യന്‍ മധ്യനിര താരം സൂര്യകുമാര്‍ യാദവ്, ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡ് എന്നിവരാണ് ആദ്യ പത്തില്‍ ബാക്കിയുള്ളവര്‍.

നിരാശാജനകമായ മറ്റൊരു കാര്യം എന്താണെന്നുവെച്ചാല്‍, ആദ്യ പത്തില്‍ പോലും ഇടംപിടിക്കാന്‍ ഇന്ത്യയുടെ പ്രിയപ്പെട്ട വിരാട് കോഹ്ലിക്ക് ആയില്ല എന്നുള്ളതാണ്.

More Stories from this section

family-dental
witywide