
2024 അവസാനത്തോടെ ഇന്ത്യയിലെ റോഡുകള്‍ അമേരിക്കയിലേത് പോലെ മികവുറ്റതാകുമെന്ന് കേന്ദ്ര ഗതാത മന്ത്രി നിതിന്‍ ഗഡ്കരി. അമേരിക്ക സമ്പന്നമായതുകൊണ്ടല്ല അമേരിക്കന്‍ റോഡുകള്‍ മികച്ചതായിരിക്കുന്നത്, മറിച്ച് റോഡുകള്‍ മികച്ചതായതിനാലാണ് അമേരിക്ക സമ്പന്നമാകുന്നത് എന്ന ജോണ്‍ എഫ് കെന്നഡിയുടെ പ്രസ്താവന തന്നെ പ്രചോദിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ റോഡുകളെ കുറിച്ചും പദ്ധതികളെ കുറിച്ചും ഗഡ്കരി സംസാരിച്ചത്.
അടിസ്ഥാന സൗകര്യങ്ങള്‍, വെള്ളം, വൈദ്യുതി, ഗതാഗതം, ആശയവിനിമയം എന്നിവ എവിടെയുണ്ടോ അവിടെയൊക്കെ നമുക്ക് വ്യാപാരത്തിനും വ്യവസായത്തിനുമുള്ള അവസരം ലഭിക്കുന്നു. ഇതോടൊപ്പം തൊഴിലവസരവും വര്‍ധിക്കുന്നു.ഹൈവേയ്ക്കും റോഡുകള്‍ക്കും വേണ്ടിയുള്ള ബജറ്റ് 2.8 ലക്ഷം കോടി രൂപയാണ്. ഇവിടെ പൊതു-സ്വകാര്യ നിക്ഷേപമുണ്ട്. നമുക്ക് വിഭവങ്ങളുടെ കുറവില്ല. 2024ന്റെ അവസാനത്തോടെ നമ്മുടെ ദേശീയ പാതകളും റോഡ് ശൃംഖലകളും അമേരിക്കയുടേത് പോലെയാകും”- അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കലും നിയമങ്ങളും അന്തിമമാക്കാനുള്ള ചുമതല സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ സംസ്ഥാനങ്ങളുമായി ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. 90 ശതമാനം ഭൂമി ഏറ്റെടുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദ്വാരക എക്‌സ്പ്രസ് വേയുടെ ചെലവ് വര്‍ധനയെ കുറിച്ച് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചും ഗഡ്കരി മറുപടി പറഞ്ഞു. പദ്ധതിക്ക് ഒരു കിലോമീറ്ററിന് 18 കോടി രൂപയാണ് ചെലവ് വരുന്നത്. റിങ് റോഡും പാലത്തിന്റെ വിലയും ഡിപിആര്‍ അന്തിമമാക്കിയതിന് ശേഷം തീരുമാനിക്കുമെന്ന് രേഖപ്പെടുത്തിയിരുന്നു. ഡിപിആര്‍ തയാറാക്കാത്തതിനാല്‍ ചെലവ് അന്തിമമാക്കിയിട്ടില്ല.
India’s roads will match US by 2024 end: Road Minister Nithin Gadkari