
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ നെവാര്‍ക്കിലുള്ള ഹൈന്ദവ ക്ഷേത്രം ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകര്‍ വികൃതമാക്കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ. നെവാര്‍ക്കിലുള്ള സ്വാമിനാരായണ ക്ഷേത്രത്തിന്റെ മതിലുകള്‍ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍ കൊണ്ടാണ് വികൃതമാക്കിയിരിക്കുന്നത്. ഹിന്ദു-അമേരിക്കന്‍ ഫൗണ്ടേഷന്‍ എക്സില്‍ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇത്തരം തീവ്രവാദികള്‍ക്ക് ഇടം നല്‍കരുതെന്ന് സംഭവത്തോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇതിനകം യുഎസ് അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. ചിത്രങ്ങള്‍ താന്‍ കണ്ടുവെന്നും തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും ഇടം നല്‍കരുതെന്നും സംഭവത്തില്‍ കോണ്‍സുലേറ്റ് സര്‍ക്കാരിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും ജയശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ എംബസി സംഭവത്തെ ശക്തമായി അപലപിക്കുകയും ഇത് ഇന്ത്യന്‍ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്നും പ്രതികരിച്ചു. വിഷയത്തില്‍ വേഗത്തിലുള്ള അന്വേഷണത്തിനും ഉടനടിയുള്ള നടപടിക്കും യുഎസ് അധികാരികളില്‍ തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും അവര്‍ എക്സില്‍ കുറിച്ചു.
അതേസമയം ഖാലിസ്ഥാന്‍ അനുകൂലികള്‍ ഹിന്ദു ക്ഷേത്രം ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. യുഎസിലും അയല്‍രാജ്യമായ കാനഡയിലും സമാനമായ സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ നേരത്തെ ആശങ്ക പ്രകടിപ്പിക്കുകയും വിവിധ രാജ്യങ്ങളില്‍ വിഘടനവാദ വികാരം വളര്‍ത്താന്‍ ശ്രമിക്കുന്ന സംഘടനകളെയും വ്യക്തികളെയും തടയുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റില്‍, കാനഡയിലെ സറേയിലെ ഒരു ക്ഷേത്രം ഖാലിസ്ഥാനി അനുകൂലികള്‍ നശിപ്പിച്ചിരുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ സറേയിലെ ലക്ഷ്മി നാരായണ്‍ മന്ദിറിന്റെ ചുവരുകളിലും ഗേറ്റിലും ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു.
ജൂണ്‍ 18ന് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തില്‍ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നേരത്തേ പോസ്റ്ററുകള്‍ പതിച്ചിരുന്നത്. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചെങ്കിലും ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. ഖാലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഒരു ഇന്ത്യക്കാരനെയും യുഎസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തെളിവ് നല്‍കിയാല്‍ വിഷയം അന്വേഷിക്കുമെന്ന് ഉറപ്പു നല്‍കിയ ഇന്ത്യ ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്തെങ്കിലും തെളിവുകള്‍ നല്‍കിയാല്‍, ഞങ്ങള്‍ അത് തീര്‍ച്ചയായും പരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പ്രതികരിച്ചിരുന്നു.
India’s Strong Reaction After ‘Extremists’ Deface Hindu Temple In California