
ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിന് പിന്തുണ നൽകുന്നതിലൂടെ അമേരിക്കയും പ്രസിഡന്റ് ജോ ബൈഡനും മനുഷ്യത്വത്തെ കളങ്കപ്പെടുത്തിയതായും നീതിബോധത്തെ കീറിമുറിച്ചതായും ഇന്തോനേഷ്യ. ഇന്തോനേഷ്യൻ മെഡിക്കൽ എമർജൻസി റെസ്‌ക്യൂ കമ്മിറ്റി മേധാവി സർബിനി അബ്ദുൽ മുറാദ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്തോനേഷ്യയുടെ സാമ്പത്തിക സഹായത്തോടെ വടക്കൻ ഗാസയിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് നേരെ ഇസ്രയേൽ നടത്തിയ ക്രൂരമായ ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് കത്ത്.
തിങ്കളാഴ്‌ച പ്രസിദ്ധീകരിച്ച കത്തിൽ ഇങ്ങനെ പറയുന്നു: “പലസ്‌തീനിൽ നടക്കുന്നത് മതത്തിന് പുറമെ കൊളോണിയലിസം, മാനവികത തുടങ്ങിയ വിഷയങ്ങളുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു.
“ആയുധങ്ങൾ നൽകിക്കൊണ്ട് നിങ്ങൾ ഇസ്രായേലിനൊപ്പം നിൽക്കുന്നത് യഥാർത്ഥത്തിൽ സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിച്ചു എന്നത് വളരെ ദൗർഭാഗ്യകരമാണ്. നിങ്ങളുടെ നടപടി പലസ്തീന്റെ നിലനിൽപ്പിന് ബാധകമായ വിവിധ അന്താരാഷ്ട്ര ഉടമ്പടികൾക്കും കരാറുകൾക്കും വിരുദ്ധമാണ്,” കത്തിൽ കൂട്ടിച്ചേർക്കുന്നു.
“നിങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ നശിപ്പിച്ചു. യുഎന്നിന്റെ അധികാരത്തെ അപമാനിച്ചു. നീതിബോധത്തെ കീറിമുറിച്ചു. മാനുഷിക മൂല്യങ്ങളെ വ്രണപ്പെടുത്തി. മനുഷ്യ നാഗരികതയുടെ മുഖത്തെ കളങ്കപ്പെടുത്തി.”