
തൃശ്ശൂര്‍: കുതിരാൻ പാലത്തിനു മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറി അപകടം. ഒരാൾ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമെന്നാണ് വിവരം.
ഇന്ന് പുലർച്ചെ മൂന്നുമണിക്കായിരുന്നു അപകടമുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരിൽ മൂന്നുപേരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലും, രണ്ടുപേരെ അശ്വിനി ആശുപത്രിയിലും ഒരാളെ ജില്ലാ ആശുപത്രിയിലും ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പരുക്കേറ്റവരെ മൂന്ന് ആംബുലൻസിലും ഒരു സ്ത്രീയെ ഹൈവേ പൊലീസിന്റെ വാഹനത്തിലുമാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുരുഷനാണ് മരണപ്പെട്ടിട്ടുള്ളത്. അപകടത്തിൽ ഇന്നോവകാർ പൂർണമായും തകർന്നു.
ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപ്പെട്ടത്. കോട്ടയം സ്വദേശിയായ ജോൺ തോമസ് എന്ന ആളുടെ കുടുംബമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. രണ്ടു സത്രീകളും നാല് പുരുഷന്മാർ അടക്കം കാറിൽ ആറു പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരു സ്ത്രീ ഗർഭിണിയാണ്.